നിപ ബാധിച്ച് മരിച്ച 12-കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് 251 പേർ; ആരോഗ്യ മന്ത്രി

veena

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12-കാരന്റെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത് 251 പേർ. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ 38 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. 251 പേരിൽ 129 പേർ ആരോഗ്യ പ്രവർത്തകരാണ്. ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർ 54 പേരാണ്. ഇതിൽ 30 പേർ ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി പറഞ്ഞു.

രോഗലക്ഷണങ്ങളുള്ളവർ എല്ലാം സ്റ്റേബിളാണ്. തിങ്കാളാഴ്ച്ച രാത്രി മുതൽ മെഡിക്കൽ കോളേജിൽ സാമ്പിൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. എൻ.ഐ.വി. പൂണൈയിൽ നിന്നുള്ള സംഘം എത്തുകയും സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുകയും ചെയ്തുമെന്ന് വീണാ ജോർജ് വ്യക്തമാക്കി. പോയിന്റ് ഓഫ് കെയർ ടെസ്റ്റും പിന്നീടുള്ള ആർടിപിസിആർ ടെസ്റ്റും കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാൻ കഴിയും എന്നാണ് അവർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

8 പേരുടെ സാമ്പിളുകളാണ് എൻ.ഐ.വി. പൂനെയിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഇന്ന് രാത്രി വൈകി വരും. മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്സിനേഷൻ പ്രവർത്തനം നിർത്തിവെയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കോവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.