ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു; കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് ലോക്ക് ഡൗണും രാത്രികാല കർഫ്യുവും പിൻവലിക്കാൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുകയാണെന്നും ജാഗ്രത തുടർന്നാൽ പുതിയ കേസുകൾ കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ജനസംഖ്യയുടെ 76.15 ശതമാനം പേർക്ക് (2,18,54,153) ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേർക്ക് (82,46,563) രണ്ട് ഡോസ് വാക്‌സിനും നൽകി. 45 വയസിൽ കൂടുതൽ പ്രായമുള്ള 92 ശതമാനത്തിലധികം പേർക്ക് ഒറ്റ ഡോസും 48 ശതമാനം പേർക്ക് രണ്ട് ഡോസും വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.