അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താനായി യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സാഹചര്യം വിലയിരുത്താനായി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ വസതിയിലാണ് ഉന്നത തല യോഗം ചേർന്നത്.

പഞ്ച്ശീർ അടക്കം അഫ്ഗാനിസ്താന്റെ മുഴുവൻ നിയന്ത്രണവും തങ്ങളുടെ കൈവശമാണെന്ന താലിബാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം ചേർന്നത്. പാക് ചാര സംഘടനയായ ഐഎസ്‌ഐ അഫ്ഗാനിസ്താനിൽ നടത്തുന്ന പരസ്യ ഇടപെടലിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. അഫ്ഗാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുന്ന വിഷയവും ചർച്ചയായി. അഫ്ഗാനിസ്താനിലെ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്. അഫ്ഗാൻ പൗരന്മാർക്ക് ഇ വിസ സൗകര്യം കേന്ദ്രം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

അഫ്ഗാനിസ്താനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്‌ഐയുടെ മേധാവി ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് സർക്കാർ രൂപീകരണത്തിനായി കാബൂളിൽ തുടരുകയാണ്. വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും പാകിസ്താൻ കാലിബാനെ സഹായിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.