കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിലേക്കു ഗ്രീൻഫീൽഡ് പാത; കേന്ദ്ര ഗതാഗതമന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിച്ചതായി വി മുരളീധരൻ

ന്യൂഡൽഹി: കോഴിക്കോടു നിന്നു പാലക്കാട് വഴി കോയമ്പത്തൂരിലേക്കു പുതിയ ഗ്രീൻഫീൽഡ് പാത സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽനിന്ന് ഉറപ്പു ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സംസ്ഥാന സർക്കാരിൽ നിന്നു പദ്ധതി നിർദേശം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ അനുകൂല തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

വനഭൂമി ഏറ്റെടുക്കാതെ മൈസൂരുവിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ബദൽ പാതയ്ക്കും കേന്ദ്രം സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് വി മുരളീധരൻ വ്യക്തമാക്കി. നിർമാണം നടക്കുന്ന കന്യാകുമാരി മുംബൈ ദേശീയപാതയുടെ നിർമാണം വേഗത്തിലാക്കാനും കേന്ദ്രമന്ത്രി നിർദേശം നൽകി.

തലശ്ശേരി-മാഹി-വടകര ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും പണി വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. മലബാർ ചേംമ്പർ ഓഫ് കോമേഴ്‌സ് ഭാരവാഹികളോടൊപ്പം നിതിൻ ഗഡ്കരിയെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് വി. മുരളീധരൻ ഇക്കാര്യങ്ങൾ അറിയിച്ചത്. ചേംമ്പർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ഹസീബ് അഹമ്മദ്, വൈസ് പ്രസിഡൻറ് നിത്യാനന്ദ് കാമത്ത്, സെക്രട്ടറി മഹബൂബ്, ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് തുടങ്ങിയവരും നിതിൻ ഗഡ്കരിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നു.