കേരളത്തിലെ സഹകരണ മേഖല ഇ ഡി കൈകാര്യം ചെയ്യേണ്ടതല്ല; കെ ടി ജലീലിനെ തളളി മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻമന്ത്രി കെ.ടി. ജലീലിനെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖല ഇ.ഡി. കൈകാര്യം ചെയ്യേണ്ടതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.ആർ. നഗർ ബാങ്കിലെ തിരിമറിയിൽ സഹകരണ വകുപ്പ് നടപടിയെടുത്തിട്ടുണ്ടെന്നും ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയിൽ ജലീൽ ഉന്നയിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പലതവണ ജലീലിനെ ചോദ്യം ചെയ്തതുകൊണ്ട് ഇ.ഡിയിൽ അദ്ദേഹത്തിന് വിശ്വാസം കൂടിയിട്ടുണ്ടാകാം. ജലീൽ പരാമർശിച്ച ബാങ്കിന്റെ പേരിൽ കോപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ് കർശന നടപടിയിലേക്ക് നീങ്ങിയതാണ്. അതിൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നതു കൊണ്ടാണ് മറ്റു നടപടികളിലേക്ക് നീങ്ങാൻ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി വിശദമാക്കി.

ഇവിടെ അന്വേഷിക്കാൻ ആവശ്യമായ സംവിധാനങ്ങളുണ്ട്. ആ സംവിധാനത്തിന്റെ ഭാഗമായി അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് യാതൊരു വിധത്തിലുളള തടസവും ഇവിടെ ഉണ്ടാകില്ല. കുറ്റം എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയും അതിന്റെ ഭാഗമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.