ഇന്ത്യൻ വ്യോമസേനയ്ക്ക് 56 സി-295 എംവി യാത്രാ വിമാനങ്ങൾ വാങ്ങും; അനുമതി നൽകി സുരക്ഷാ സമിതി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് 56 സി-295 എംവി യാത്രാ വിമാനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ സുരക്ഷാ സമിതി. സ്‌പെയിൻ ആസ്ഥാനമാക്കിയുള്ള സ്വകാര്യ കമ്പനിയിൽ നിന്നും യാത്രാ വിമാനങ്ങൾ വാങ്ങാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ആദ്യമായാണ് രാജ്യത്ത് വ്യോമസേന വിമാനങ്ങളുടെ നിർമാണം ഒരു സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുന്നത്. നിലവിൽ വ്യോമസേനയുടെ പക്കലുള്ള ആവ്രോ വിമാനങ്ങൾക്കു പകരമാകും ഇവ ഉപയോഗിക്കുക. സ്‌പെയിൻ കമ്പനിയായ കാസ 1997 ൽ വികസിപ്പിച്ച വിമാനമാണിത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 5 മുതൽ 10 ടൺ വരെ സംഭരണശേഷിയുള്ള യാത്രാ വിമാനങ്ങളാണ് സി-295 വിമാനങ്ങൾ.

വിമാനങ്ങൾക്ക് 20,000 കോടി മുതൽ 21,000 കോടി രൂപ വരെ ചെലവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വിമാനത്തിന്റെ ചെലവ് വിനിമയ നിരക്കിനെ ആശ്രയിച്ചിരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നു. കരാർ ഒപ്പിട്ടു 48 മാസങ്ങൾക്കകം 56 വിമാനങ്ങളിൽ 16 എണ്ണം സ്‌പെയിനിൽ പൂർണമായും തയാറാക്കി നൽകും. ശേഷിക്കുന്ന 40 എണ്ണം 10 വർഷത്തിനുള്ളിൽ ടാറ്റാ കൺസോർഷ്യം ഇന്ത്യയിൽ നിർമിച്ചു നൽകും.

രാജ്യത്ത് വ്യോമയാന മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് ഊർജം പകരുമെന്നും കേന്ദ്ര സർക്കാർ വിശദമാക്കി.