ന്യൂഡൽഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. മലപ്പുറം സ്വദേശി മുഹമ്മദ് അമീൻ, കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ഡൽഹിയിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ അറസ്റ്റിലായവർക്കെതിരെയാണ് കുറ്റപത്രം.
സംഭവവുമായി ബന്ധപ്പെട്ട് ആകെ പത്തു പേർക്കെതിരെയാണ് എൻഐഎ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മറ്റ് ഏഴ് പേരിൽ ചിലരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം മൊഹമ്മദ് ആമീൻ 2020 മാർച്ചിൽ കാശ്മീരിലെത്തി. റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കാശ്മീരിൽ നിന്ന് ധനസമാഹരണം നടത്തി. ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ വഴി ഐസിസിനു വേണ്ടി പ്രചാരണം നടത്തിയെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തൽ, സമാന മനസ്‌കരായ യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.

