കൊച്ചി: സ്വകാര്യ സുരക്ഷാ ഏജൻസിയായ സിസ്കോയുടെ ജീവനക്കാരിൽ നിന്ന് ലൈസൻസില്ലാത്ത 19 തോക്കുകളും 100 ലധികം തിരകളും പിടികൂടിയ സംഭവത്തിൽ ഏജൻസിയുടെ കേരളാ സൂപ്പർവൈസറടക്കം 19 ജീവനക്കാർ അറസ്റ്റിൽ. കളമശേരി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കാശ്മീർ രജൗരി സ്വദേശികളായ സൂപ്പർവൈസർ വിനോദ് കുമാർ, നീരജ് കുമാർ, നാട്ടെർ സിംഗ്, ഓംകാർ സിംഗ്, മുഹമ്മദ് ഹനീഫ്, അജയ് കുമാർ, രാഷ്പാൽ കുമാർ, സുരേഷ് കുമാർ, അഞ്ചൽ കുമാർ, രവികുമാർ, ഇഷ്ഫാഖ് അഹമ്മദ്, മൊഹദ് ഷഫീഖ്, നന്ദ് കുമാർ, സുഭാഷ് ചന്ദർ, നരേഷ് കുമാർ, ഷെഫീർ അഹമ്മദ്, ജസ്ബിർ സിംഗ്, ബിഷൻ കുമാർ, മൊഹദ് അഷ്റഫ് എന്നിവരാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുംബൈ ആസ്ഥാനമായ സുരക്ഷാ ഏജൻസിയുടെ ജീവനക്കാരെയെല്ലാം കശ്മീരിൽ നിന്നാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. കശ്മീരിൽ നിന്നാണ് തോക്കുകളും എത്തിച്ചിരിക്കുന്നത്. ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിക്ഷേപിക്കുന്നതിന്റെ സുരക്ഷാ ചുമതലയുള്ള ഏജൻസിയാണ് സിസ്കോ. ഏജൻസിയുടെ ഹെഡ് ഓഫീസിലും ജീവനക്കാരുടെ വാടകവീട്ടിലും ശനിയാഴ്ചയായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. വാടകവീട്ടിൽ നിന്നാണ് തോക്കുകൾ ലഭിച്ചത്. കസ്റ്റഡിയിലെടുത്ത തോക്കുകൾക്ക് എ.ഡി.എമ്മിന്റെ ലൈസൻസില്ലെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ലൈസൻസടക്കം ഹാജരാക്കണമെന്ന് പോലീസ് ഏജൻസിയോട് ആവശ്യപ്പെട്ടു. എന്നാൽ ഏജൻസി ലൈസൻസ് ഹാജരാക്കിയില്ല. തുടർന്നാണ് ജീവനക്കാരെ അറസ്റ്റ് ചെയ്യാൻ പോലീസ് തീരുമാനിച്ചത്. തോക്കുകളുടെ രജിസ്ട്രേഷൻ കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കളക്ടറുമായി പോലീസ് ആശയവിനിയം നടത്തിയിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി പ്രത്യേക സംഘം കശ്മീരിലേക്ക് പോകാനും തീരുമാനിച്ചു.

