തിരുവനന്തപുരം: കൊച്ചിയിൽ 2000 പേർ ഉടനേ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. ഏതാനും ചിലർ പാർട്ടി വിട്ടപ്പോൾ കോൺഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവർ കോൺഗ്രസിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് അദ്ദേഹം പറഞ്ഞു.
എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, എൻ.സി.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എം. വിജേന്ദ്രകുമാർ അനുയായികളോടൊപ്പം കോൺഗ്രസിൽ ചേർന്ന ചടങ്ങിൽ പ്രസംഗിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസ് വികാരം കൊണ്ടു നടക്കുന്ന പതിനായിരങ്ങളെ പാർട്ടിയിൽ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. തൃശൂരും കോഴിക്കോട്ടും നിരവധിപേർ ഉടനേ പാർട്ടിയിലെത്തും. അടുപ്പിക്കേണ്ടരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോൺഗ്രസിനറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നവോത്ഥാനത്തിന്റെ പാതയിലാണ്. ഗാന്ധിയൻ മൂല്യങ്ങളും കോൺഗ്രസിന്റെ മഹത്വവും പുതിയ തലമുറയിലെത്തിക്കണം. ദുർബലമായ 40 ശതമാനം ബൂത്തുകൾ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ജനങ്ങളിലേക്കും പാവപ്പട്ടവരിലേക്കും കോൺഗ്രസ് ഇറങ്ങിച്ചെല്ലും. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടാൻ കഴിയുന്ന കർമപദ്ധതികളാണ് നടപ്പാക്കുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

