ന്യൂഡൽഹി: പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൾ വിവരാവകാശ പരിധിയിൽ വരില്ലെന്ന് കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സുതാര്യത ഉറപ്പുവരുത്താനായി ട്രസിറ്റിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോർട്ടും ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിൽ പി.എം കെയേഴ്‌സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറി ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഭരണഘടനയുടെ 12-ാം അനുഛേദം പ്രകാരമുള്ള സ്റ്റേറ്റ് ആയി ഫണ്ടിനെ നിയന്ത്രിക്കുന്ന പി.എം. കെയർ ട്രസ്റ്റിനെ കാണാനാവില്ല. അതിനാൽ തന്നെ ഇതിലെ ഫണ്ട് രാഷ്ട്രത്തിന്റെ പൊതുപണമായി കണക്കാക്കാനാവില്ല. ട്രസ്റ്റ് സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്നും കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നുണ്ട്. സി.എ.ജി തയ്യാറാക്കിയ പാനലിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിവരാവകാശ നിയമത്തിൽ പറയുന്ന പൊതു സ്ഥാപനമായി ഫണ്ടിനെ കാണാനാവില്ല. ഫണ്ടിലേക്ക് സംഭാവന നൽകിയവരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്താനുമാവില്ല. തന്നെപ്പോലുള്ള ഉദ്യോഗസ്ഥർ ഓണറേറിയം വ്യവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നതെന്നും അണ്ടർ സെക്രട്ടറി പ്രദീപ് കുമാർ ശ്രീവാസ്തവ വിശദീകരിച്ചു. പി.എം. കെയേഴ്‌സ് ഫണ്ട് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹർജി പരിഗണിക്കവെയാണ് അദ്ദേഹം സത്യവാങ്മൂലം സമർപ്പിച്ചത്.
സംസ്ഥാന, കേന്ദ്ര നിയമനിർമ്മാണ സഭകളുടെയോ ഭരണഘടനയുടെയോ നിർദേശ പ്രകാരമല്ല പി എം കെയേഴ്‌സ് ഫണ്ട് രൂപീകരിച്ചത്. വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകൾ ഉപയോഗിച്ചാണ് ഫണ്ട് പ്രവർത്തിക്കുന്നത്. ഇവർക്ക് നികുതി ഇളവ് നൽകുന്നതുകൊണ്ട് മാത്രം ഫണ്ട് പൊതുഫണ്ടാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയർമാനും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും ധനമന്ത്രിയും അംഗങ്ങളായ ട്രസ്റ്റാണ് ഫണ്ട് നിയന്ത്രിക്കുന്നതെന്നും ഇങ്ങനെയൊരു ട്രസ്റ്റിനെ പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ സംയഖ് ഗാഗ്വാൾ ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. അതേസമയം കേസ് സെപ്തംബർ 27 ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

