വാഷിംഗ്ടൺ: ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയപ്പോഴാണ് അദ്ദേഹം ക്രിസ്റ്റിയാനോ അമോനുമായി കൂടിക്കാഴ്ച്ച നടത്തിയത്. 5ജി, പ്രധാനമന്ത്രിയുടെ വൈ-ഫൈ ആക്‌സസ് നെറ്റ് വർക്ക് ഇന്റർഫേസ് (PM-WANI), അടുത്തിടെ നടപ്പാക്കിയ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗിനുള്ള പിഎൽഐ പദ്ധതി (Production Linked Incentive Scheme) എന്നിവയിലെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇതൊരു മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമോൻ വ്യക്തമാക്കി. പല കാര്യങ്ങളെ കുറിച്ചു സംസാരിച്ചു. 5 ജി അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനെക്കുറിച്ചും അർദ്ധചാലകങ്ങളെക്കുറിച്ചും ഒരു മൊബൈൽ ഫോൺ അധിഷ്ഠിത ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. വളരെ ഫലപ്രദമായ കൂടിക്കാഴ്ച്ചയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണിക്കുവേണ്ടി ഉത്പാദിപ്പിക്കാൻ മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഇന്ത്യക്ക് ഇത് അനുകൂല സമയമായതിനാൽ ഇന്ത്യയെ ഒരു വലിയ കയറ്റുമതി വിപണിയായി താൻ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർദ്ധചാലക മേഖലയിൽ പ്രവർത്തിക്കാൻ ഇന്ത്യയുമായി പങ്കാളിത്തം വഹിക്കാൻ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി താൽപര്യം പ്രകടിപ്പിച്ചുവെന്നും അമോൻ തയ്യാറാക്കുന്ന പദ്ധതി നിർദ്ദേശങ്ങളോട് ഇന്ത്യ അനുകൂലമായി പ്രവർത്തിക്കുമെന്ന് ക്വാൽകോമിന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും ഉന്നതവൃത്തങ്ങൾ അറിയിച്ചു.

