തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം. ഉത്സവകാലത്തിന് മുന്നോടിയായായാണ് ആരോഗ്യ മന്ത്രാലയം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. ടി.പി.ആർ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ലെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. 5 ശതമാനത്തിന് താഴെ ടി.പി.ആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി വാങ്ങി പരിപാടികൾ നടത്താമെന്നും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.
അതേസമയം സംസ്ഥാനത്ത് സ്കൂളുകൾ നവംബർ ഒന്നിന് തന്നെ തുറക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച് കൊണ്ടാണ് ക്രമീകരണങ്ങൾ നടത്തിയതെന്നും ആരോഗ്യ മന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും വ്യക്തമാക്കി.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട തയ്യാറെടിുപ്പുകൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയ്ക്കായി സമഗ്ര റിപ്പോർട്ട് തയ്യാറാക്കുമെന്നും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും യാതൊരും ആശങ്കയ്ക്കും വകനൽകാത്ത രീതിയിലാവും മാർഗനിർദേശങ്ങൾ പൂർത്തിയാക്കുയെന്നും മന്ത്രി വിശദീകരിച്ചു. എല്ലാ പ്രതിരോധ നടപടികളും തയ്യാറാക്കും. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും.

