തിയേറ്റർ ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും; തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്റർ ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തിയേറ്ററുകൾ തുറക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിയേറ്റർ ഉടമകളോട് അനുഭാവപൂർണമായ സമീപനമാണ് സർക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

തിയേറ്ററുകളിൽ തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കും. രണ്ട് വർഷമായി സംസ്ഥാനത്തിന്റെ ഉത്പാദന മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലാണ്. ഐഎംഎയുടെ അഭിപ്രായം ശാസ്ത്രീയമായി ശരിയായിരിക്കാം. അതിനാലാണ് പ്രോട്ടോക്കോൾ പാലിച്ച് നിബന്ധനകളുടെ അടിസ്ഥാനത്തിൽ തീയറ്റർ തുറക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

അനന്തമായി തീയറ്ററുകൾ ഉൾപ്പെടെ അടച്ചിടാൻ സാധിക്കില്ല. ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സംവിധാനങ്ങൾ ഒരുക്കാനാണ് സർക്കാരിന്റെ തീരുമാനം. വിനോദ നികുതി ഉൾപ്പെടെ സിനിമാ മേഖലയിൽ എല്ലാ വിഭാഗങ്ങൾക്കും ആശങ്കയുണ്ട്.അതെല്ലാം ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

തിയേറ്റർ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്നാണ് ഒരു വിഭാഗം തീയറ്റർ ഉടമകളുടെ ആവശ്യം. രണ്ട് ഡോസ് വാക്‌സിൻ എന്ന നിലപാട് തിരിച്ചടിയാകുമെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. വിനോദ നികുതി ഒഴിവാക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു. സെക്കൻഡ് ഷോയുടെ കാര്യത്തിൽ വ്യക്തത വേണമെന്നും, തീയറ്റർ തുറക്കൽ അതിന് ശേഷം മതിയെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.

ഒക്ടോബർ 25 മുതലാണ് സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നത്. പകുതി സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവർത്തനം നടക്കുക.