തിരുവനന്തപുരം: വൈക്കം കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ഇരുനില ബസിൽ ഭക്ഷണശാല ഒരുക്കി കെഎസ്ആർടിസി. കെ.എസ്.ആർ.ടി.സി ബസിൽ കെ.ടി.ഡി.സിയുടെ ഭക്ഷണശാല 2021 ഒക്ടോബർ 9 ന് നാടിനു സമർപ്പിക്കും.
വൈക്കം ബോട്ട്‌ജെട്ടിക്ക് സമീപത്താണ് സംസ്ഥാനത്ത് ആദ്യമായി കായലോരത്ത് ബസിൽ കെ.ടി.ഡി.സി റസ്റ്റോറൻറ് ആരംഭിക്കുന്നത്. കാലപ്പഴക്കമുള്ള കെ.എസ്.ആർ.ടി.സി ബസ് വൈക്കം യൂണിറ്റിലെ കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ വിഭാഗമാണ് മനോഹരമായി രൂപമാറ്റം വരുത്തി, കായലോര ബീച്ചിനോട് ചേർന്നുള്ള 50 സെന്റിൽ ഇരു നിലകളിലായി ഭക്ഷണശാല നിർമ്മിച്ചിരിക്കുന്നത്. ബസിനു മുകളിൽ ഒരു ഡക്ക് എന്ന രീതിയിലാണ് നിർമാണം. താഴെത്തെ നില പൂർണ്ണമായും ശീതീകരിക്കയ്ക്കുകയും, മുകളിലെ ഓപ്പൺ റസ്റ്റോറൻറിൽ കായൽ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം രണ്ട് നിലകളിലായി അൻപത് പേർക്ക് ഭക്ഷണം കഴിക്കാം.
ബസിന് ചുറ്റുമുള്ള സ്ഥലത്ത് ടൈൽ പാകി വർണ്ണക്കുടകൾ സ്ഥാപിച്ച് മനോഹരമാക്കിയാണ് നിർമ്മാണം. വിദേശവിനോദസഞ്ചാരികൾക്ക് ആവശ്യമായ ഭക്ഷണവിഭവങ്ങളും ഇവിടെ കെ.ടി.ഡി.സി വിളമ്പും. പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന ആധുനിക ശുചിമുറികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിജയിച്ചാൽ കെടിഡിസിയുടെ മറ്റുകേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കായലോരത്ത് നിലവിലുള്ള ബോട്ടിൻറെ മാതൃകയിലുള്ള കെ.ടി.ഡി.സിയുടെ ഭക്ഷണശാലയും നവീകരിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ഫുഡ് ഓൺ വീൽസ് പദ്ധതി പ്രകാരം കെ.ടി.ഡി.സിയുമായി ചേർന്നുള്ള ആദ്യ സംരംഭമാണ് വൈക്കത്തേത്. കായലോര സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് ലോകോത്തര സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

