തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി അവർക്ക് നേരിടാൻ കഴിയില്ല എന്നു വരുമ്പോൾ അവർ അക്രമരാഷ്ട്രീയം കൊണ്ടും കള്ളക്കേസുകൾ കൊണ്ടും പ്രതിപക്ഷ നേതാക്കൾക്കെതിരെ കച്ചകെട്ടി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽ ഡി എഫ് സർക്കാരിന്റെ ഓരോ അഴിമതിയും തുറന്നുകാട്ടിയതിന്റെ പേരിൽ നിരന്തരമായി വേട്ടയാടപ്പെട്ട ഒരു വ്യക്തിയാണ് താൻ. നേരിട്ട് കളത്തിലിറങ്ങി പരിക്കേൽക്കാതിരിക്കാൻ വേണ്ടി തങ്ങളുടെ അഴിമതി പങ്കാളികളെ കൊണ്ട് ഒളിഞ്ഞിരുന്നു കല്ലെറിഞ്ഞ് പരീക്ഷിക്കുകയാണ് അവർ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ തന്നെ ഒട്ടും ബാധിക്കില്ല എന്ന് സിപിഎം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണ്. സർക്കാരിന്റെയും സിപിഎമ്മിന്റെയും നെറികേടുകൾ ചൂണ്ടിക്കാണിക്കുന്ന കോൺഗ്രസ് നേതാക്കളെ കള്ള കേസുകൾ എടുത്ത് വായടപ്പിക്കാം എന്ന് സിപിഎം കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. ഏതെങ്കിലുമൊരു കോൺഗ്രസ് നേതാവിനെ സിപിഎം വ്യക്തിഹത്യ ചെയ്യുമ്പോൾ അത് തെളിയിക്കുന്നത് ആ നേതാവ് സിപിഎമ്മുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നേതാവാണെന്നാണ്. മന്ത്രിമാർക്കെതിരെയും,ഉദ്യോഗസ്ഥർക്കെതിരെയും ഉയരുന്ന അഴിമതി ആരോപണങ്ങൾ മറച്ചു പിടിക്കാൻ വേണ്ടി യുഡിഎഫ് കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം സിപിഎം വിട്ടൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചില മാദ്ധ്യമ സ്ഥാപനങ്ങളും മാദ്ധ്യമ ധർമ്മം പാലിക്കണം എന്ന് താൻ ആഗ്രഹിക്കുന്നു. കെപിസിസിയുടെ താഴെ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളിൽ നിന്നും രാജിവച്ചത് കെപിസിസി പ്രസിഡന്റിനെ ഏൽപ്പിക്കാൻ വേണ്ടി മാത്രമാണ്. പ്രതിപക്ഷ നേതാവ് ചുമതല വിട്ടു മാറിയ പിറ്റേ ദിവസം നൽകിയ രാജി ആയിരുന്നു അത്. ‘ചെന്നിത്തല രാജിവച്ചു’ എന്ന കൃത്രിമ തലക്കെട്ടുകൾ കൊടുക്കുവാൻ വേണ്ടി മാദ്ധ്യമങ്ങൾ ഈ അവസരം ഉപയോഗിക്കരുതെന്ന അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

