മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ കുരുക്കിലാക്കിയ ലഹരിപ്പാർട്ടി നടത്തിയ ആഡംബരക്കപ്പലായ കോർഡെലിയ ക്രൂയിസിൽ നടത്താനിരുന്നത് വലിയ പാർട്ടികൾ. എഫ് ടിവിയുടെ പൂൾ പാർട്ടിയും ഡിജെ സംഗീത പരിപാടിയും ഉൾപ്പെടെയുള്ള വലിയ പരിപാടികളാണ് കപ്പലിൽ നടത്താൻ വേണ്ടി പദ്ധതിയിട്ടിരുന്നതെന്നാണ് വിവരം. ഒക്ടോബർ രണ്ട് മുതൽ നാല് വരെയാണ് പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ ബ്രോഷർ ഉൾപ്പെടെയുള്ളവ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ഫാഷൻ ടിവി ഇന്ത്യയാണ് പരിപാടിയുടെ സംഘാടകർ. ക്രേ ആർക്ക് എന്നായിരുന്നു പരിപാടിയുടെ പേര്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈയിൽ നിന്നും യാത്ര തിരിച്ച കപ്പൽ കടലിൽ ചെലവഴിച്ച ശേഷം ഓക്ടോബർ 4 ന് രാവിലെ 10 മണിയോടെ തിരിച്ചെത്താനാണ് പദ്ധതിയിട്ടിരുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ സഹകരണത്തോടെയാണ് ഫാഷൻ ടിവി പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളും വിറ്റു പോയിരുന്നു.
മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജെ സ്റ്റാൻ കോലെവ്, പ്രമുഖ ഡിജെമാരായ ബുൾസീ, ബ്രൗൺകോട്ട്, ദീപേശ് ശർമ എന്നിവരുടെ സംഗീത പരിപാടി തുടങ്ങിയവയാണ് ആദ്യ ദിവസം നടത്താനിരുന്നത്. രണ്ടാം ദിവസം ഉച്ച ഒരു മണി മുതൽ രാത്രി എട്ട് വരെയാണ് പൂൾ പാർട്ടി നിശ്ചയിച്ചിരുന്നത്. ഇന്ത്യൻ ഡിജെ കോഹ്റ, മൊറോക്കൻ ഡിജെ കൈസ, ഐവറി കോസ്റ്റിൽ നിന്നുള്ള ഡിജെ റൗൾ എന്നിവരുടെ സംഗീത പരിപാടിയും തുടങ്ങിയവയും ഉണ്ടാകുമായിരുന്നു. എട്ട് മണി മുതൽ പ്രത്യേക അതിഥികൾക്കായി ഓൾ ബ്ലാക്ക് പാർട്ടിയും പദ്ധതിയിട്ടിരുന്നു.
ഇതിനിടെയാണ് കപ്പലിൽ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പരിശോധന നടത്തിയതും കൊക്കെയ്ൻ, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ തുടങ്ങിയ ലഹരി മരുന്നുകൾ പിടിച്ചെടുത്തതും. ചില യാത്രക്കാരുടെ ലഗേജുകളിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയതെന്നാണ് കോർഡെലിയ ക്രൂയിസ് സി.ഇ.ഒ. വ്യക്തമാക്കിയത്. ഇവരെ ഉടൻതന്നെ കപ്പലിൽ നിന്ന് പുറത്താക്കിയെന്നും ഇതുകാരണം കപ്പലിന്റെ സഞ്ചാരം അല്പം വൈകിയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികൾ ഉൾപ്പെടെ 13 പേരെയാണ് എൻ.സി.ബി. കസ്റ്റഡിയിലെടുത്തത്. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെയും കേസുമായി ബന്ധപ്പെട്ട് എൻ.സി.ബി. ചോദ്യം ചെയ്തുവരികയാണ്. ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ എൻ.സി.ബി. സംഘം വിശദമായി പരിശോധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

