ഉത്തർപ്രദേശിൽ സംഘർഷം; എട്ടുപേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി ഉത്തർപ്രദേശിൽ സംഘർഷം. ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കർഷകരെ കൊന്നെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകൻ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.

അതേസമയം മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്നും കർഷകരുടെ കല്ലേറിൽ വാഹന വ്യൂഹത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായതെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ തിങ്കളാഴ്ച്ച രാജ്യവ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ്. 8 പേർ മരിച്ചെന്നാണ് ലഖിംപൂർ എഎസ്പിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ നാലു പേർ കർഷകരും മറ്റുള്ളവർ ഇടിച്ച വാഹനത്തിലുള്ളവരാണെന്നുമാണ് വിവരം.

ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കർഷകർ പ്രതിഷേധവുമയി എത്തിയപ്പോഴാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കർഷകർ പ്രതിഷേധം നടത്തിയത്. ഉപമുഖ്യമന്ത്രി ഇറങ്ങാൻ തയ്യാറാക്കിയ ഹെലിപാഡിൽ ട്രാക്ടറുകൾ കയറ്റിയിട്ട് കർഷകർ പ്രതിഷേധിച്ചു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കർഷകരുടെ മരണത്തിൽ പ്രതിഷേധിച്ച് നാളെ കളക്ടറേറ്റുകൾ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധം നടത്താനാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാണ് കർഷകർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. അജയ് മിശ്രയെ മോദി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെടുന്നു.