ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടോ; വി ശിവൻകുട്ടിയ്ക്ക് പറ്റിയ അമളിയെ ട്രോളി പികെ അബ്ദുറബ്ബ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് പറ്റിയ അമളിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജുമായി ചേർന്ന് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് മന്ത്രി ശിവൻകുട്ടിയ്ക്ക് അമളി പിണഞ്ഞത്. ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടോ എന്നായിരുന്നു മന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവിൽ സ്‌കൂളുകൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ സംശയം.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അബ്ദുറബ്ബ് ശിവൻകുട്ടിയെ ട്രോളി രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിക്ക് പറ്റിയ പിഴവ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നുവെന്നും ആർക്കെങ്കിലും ഉപകാരപ്പെടുമെന്നുമുള്ള ക്യാപ്ഷനിൽ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് അബ്ദുറബ്ബ് പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്. വി ശിവൻകുട്ടിക്ക് ഒരു മറുപടി എന്ന നിലയിലാണ് ട്രോൾ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഉൾപ്പെടെ മന്ത്രിയുടെ പരാമർശം വലിയ തോതിൽ ട്രോളുകളായിട്ടുണ്ട്.