തിരുവനന്തപുരം: 2021 ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ബെന്യാമിന്. കെ. ആർ മീര, ജോർജ്ജ് ഓണക്കൂർ, സി. ഉണ്ണികൃഷ്ണൻ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബെന്യാമിന്റെ ‘മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ ‘ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിക്കുന്ന ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുന്നതാണ്. ഇതിനായി നിശാഗന്ധി ആഡിറ്റോറിയം അനുവദിക്കുന്നതിനുവേണ്ടി ബഹു. ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അവാർഡ് സമർപ്പണ ചടങ്ങിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കും.
അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബർ 31 കൊണ്ടവസാനിക്കുന്ന തുടർച്ചയായ അഞ്ചു വർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളിൽ നിന്നാണ് അവാർഡിനർഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ, വിമർശനമോ തുടങ്ങിയ ഏതു ശാഖയിൽപ്പെട്ട കൃതികളും അർഹമാണ്.
മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10-ാം ക്ലാസ് പാസ്സാകുന്ന വിദ്യാർത്ഥിക്ക് വർഷം തോറും 5000/- രൂപയുടെ സ്‌കോളർഷിപ്പ് വയലാർ രാമവർമ്മയുടെ പേരിൽ വയലാർ ട്രസ്റ്റ് നൽകുന്നുണ്ട്. ആ സ്‌കോളർഷിപ്പും ചടങ്ങിൽ വച്ച് നൽകുന്നതാണ്. വയലാർ അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കും.

