കാരവൻ കേരളയിൽ പങ്കാളികളാകാൻ ഭാരത് ബെൻസും; സന്തോഷകരമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന സമഗ്ര കാരവൻ ടൂറിസം പദ്ധതിയായ ‘കാരവൻ കേരള’യിൽ പങ്കാളികളാകാൻ ഭാരത് ബെൻസും. രാജ്യത്തെ മുൻനിര വാണിജ്യവാഹന നിർമ്മാതാക്കൾ എല്ലാ സവിശേഷതകളുമുള്ള അത്യാധുനിക ടൂറിസ്റ്റ് കാരവനുമായി രംഗത്തിറങ്ങിയത് സന്തോഷകരമാണെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഭാരത് ബെൻസിലെ മുതിർന്ന എക്സിക്യുട്ടീവുകളുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗതാഗതമന്ത്രി ആന്റണി രാജുവുമായും ഭാരത് ബെൻസ് സംഘം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മന്ത്രിമാരുമായി നടത്തിയ ചർച്ചകൾ പ്രതീക്ഷ നൽകുന്നതാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ കാരവൻ പുറത്തിറക്കുമെന്നും ഭാരത് ബെൻസ് മാർക്കറ്റിങ് സെയിൽസ് ആൻഡ് കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് രാജാറാം കൃഷ്ണമൂർത്തി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി മുന്നോട്ടു പോകാനാണ് ടൂറിസം വകുപ്പ തീരുമാനിച്ചിരിക്കുന്നത്.

പൊതു-സ്വകാര്യ മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക. സ്വകാര്യ നിക്ഷേപകരും ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവും പദ്ധതിയിൽ പങ്കാളികളാകും. കാരവാൻ യാത്രയും കാരവാൻ പാർക്കിങ്ങും ഉൾപ്പെടുന്ന രണ്ട് മേഖലകളിലായാണ് കാരവാൻ ടൂറിസം നിലവിൽ വരുന്നത്. സോഫ-കം-ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിംഗ് ടേബിൾ, ടോയ്ലറ്റ് ക്യുബിക്കിൾ, ഡ്രൈവർ കാബിനുമായുള്ള വിഭജനം, എ.സി, ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിങ് സംവിധാനം, ജി.പി.എസ്. തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവാനുകളിൽ ഉണ്ടാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പാക്കുന്നതിന് കാരവാനുകൾ ഐ.ടി. അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. സംസ്ഥാനത്ത് മുഴുവൻ യാത്രചെയ്യാനുള്ള അനുമതി വാഹനത്തിന് ഉണ്ടാകും.