ഇന്ത്യൻ വ്യോമസേന 89 ന്റെ നിറവിൽ; വായുസേനാ ദിനം ആചരിച്ചു

ന്യൂഡൽഹി: വായുസേനാ ദിനം ആചരിച്ച് ഇന്ത്യൻ വ്യോമസേന. ഇന്ത്യൻ വ്യോമസേനയുടെ 89-ാം പിറന്നാളിന്റെ ഭാഗമായാണ് വായുസേനാ ദിനം ആഘോഷിച്ചത്. ഉത്തർപ്രദേശിലെ ഹിന്ദോൻ എയർഫോഴ്സ് സ്റ്റേഷനിലാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. മൂന്ന് സായുധ സേനകളുടെ മുതിർന്ന ഉദ്യോഗസ്ഥരും എയർസ്റ്റാഫ് മേധാവിയും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യ പാകിസ്താനെ തോൽപിച്ച 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത ആളുകളെയും സ്ഥലങ്ങളെയും ആദരിച്ച് വ്യോമസേന ദിന പരേഡ് നടത്തി. ബാലകോട്ട് ആക്രമണത്തിൽ പങ്കെടുത്ത 47 സ്‌ക്വാഡ്രനുൾപ്പെടെ മൂന്ന് യൂണിറ്റുകൾക്ക് എയർ സ്റ്റാഫ് മേധാവി അവാർഡുകൾ നൽകി.

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ് ഇന്ത്യൻ വ്യോമസേന. 1932 ഒക്ടോബർ 8 നാണ് വായുസേന രൂപികരിച്ചത്. ് 6 ഓഫിസർമാരും, 19 എയർമാൻമാരും മാത്രമായിരുന്നു ഇന്ത്യൻ വ്യോമസേനയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത്. 1933 ഏപ്രിൽ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്.

1947 -ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നാണ് വിളിച്ചിരുന്നത്. 1950 ൽ ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയപ്പോൾ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയൽ എന്ന വാക്ക് നീക്കം ചെയ്തു. അന്നുമുതൽ ഇന്ത്യൻ എയർ ഫോഴ്സ് എന്നാണ് അറിയപ്പെടുന്നത്.