General (Page 1,366)

ന്യൂഡൽഹി: അതിതീവ്ര മഴയും പശ്ചിമഘട്ടത്തെ പരിധിയിൽ കവിഞ്ഞ് ചൂഷണം ചെയ്തതുമാണ് കേരളം നേരിടുന്ന ദുരന്തങ്ങൾക്കു കാരണമായതെന്ന് പരിസ്ഥിതി വിദഗ്ദ്ധൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ ഉടനടി സ്വീകരിച്ചില്ലെങ്കിൽ ദാരുണമായ ദുരന്തങ്ങൾ സംസ്ഥാനത്ത് ഇനിയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

താൻ ഇതിനു മുമ്പും ഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് അന്നത്തെ തന്റെ റിപ്പോർട്ട് അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രളയ ഭീഷണി ഉണ്ടാകുന്നതിനും വളരെ മുൻപ് 2011 ലാണ് താൻ റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാലാവസ്ഥാ മാറ്റത്തിനൊപ്പം പ്രകൃതി ചൂഷണം കൂടി ഒത്തുച്ചേർന്നപ്പോഴാണ് കേരളത്തിൽ സംഭവിക്കുന്നതു പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നത്. സിൽവർ ലൈൻ പ്രോജക്ടുകൾ പോലുള്ള പദ്ധതികൾ വേണമോ എന്ന് കേരളം ആത്മാർത്ഥമായും ചിന്തിക്കണമെന്നും കുറച്ച് സമയം ലാഭിക്കുന്നതിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

തിരൂർ: കോൺഗ്രസ് നേതാവ് വി എം സുധീകരനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സുധീരനൊക്കെ വലിയ ആളുകളാണെന്നും എന്നാൽ അദ്ദേഹത്തെ എടുത്ത് ചുമലിൽ വെച്ച് നടക്കാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. സുധീരനെ ഒപ്പം നിർത്തി പാർട്ടിയെ നയിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വി എം സുധീരനെ പോയി കണ്ട് വിവരങ്ങൾ ചർച്ച ചെയ്തുവെന്നും തെറ്റ് സംഭവിച്ചെങ്കിൽ ക്ഷമയും ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അത്രയേ ഞാൻ പഠിച്ചിട്ടുള്ളൂവെന്നും എന്നെ പഠിപ്പിച്ചിട്ടുള്ളൂവെന്നും സുധാകരൻ വിശദമാക്കി.

വി എം സുധീരൻ പാർട്ടിയിൽ നിന്നും പുറത്ത് പോയിട്ടില്ല. പാർട്ടിയിൽ തന്നെയുണ്ട്. ഭാരവാഹി പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടൽ നികത്തി കൈത്തോട് നിർമ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചത്. എല്ലാ പാർട്ടികളിലും ഗ്രൂപ്പുകളുണ്ട്. മഹാത്മ ഗാന്ധിജിയുടെ കാലത്തും ഗ്രൂപ്പുണ്ടായിരുന്നു. കോൺഗ്രസിൽ ഗ്രൂപ്പ് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് കെഎസ്ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം. കോട്ടയം ജില്ലയിൽ മാത്രം 2.8 കോടിയുടെ നാശ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് കെഎസ് ഇബി ചെയർമാൻ ഡോ. ബി അശോക് വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് 6400 വൈദ്യുതി കമ്പികൾ പൊട്ടി വീണു. 5,20,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായി. ഇതിൽ 4.5 ലക്ഷം കണക്ഷനുകൾ പുനഃസ്ഥാപിച്ചുവെന്നും ബാക്കിയുള്ള നാൽപ്പത്തി അയ്യായിരം കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ല. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുകയും വൈദ്യുതി നിർമ്മാണം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ നിയന്ത്രണങ്ങളോടെ തുറക്കും. 2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലായി ഇടുക്കി അണക്കെട്ട് തുറക്കുന്നത്.

എന്നാൽ 2018 നെ അപേക്ഷിച്ച് പത്തിലൊന്ന് കുറവ് വെള്ളം മാത്രമാണ് തുറന്നുവിടുക. നാളെ രാവിലെ പതിനൊന്ന് മുതൽ രണ്ട് ഷട്ടർ 50 സെന്റിമീറ്റർ വീതം തുറക്കുമെന്നും സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 2395 അടിയിലെത്തിക്കാനാണ് ഉദേശിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. എന്നാൽ ഡാമിലേക്കുള്ള ഒഴുക്ക് അനുസരിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരാം. സമീപവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

തൊടുപുഴ: ഇടുക്കി ഡാമിൽ നിന്നു സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളം തുറന്നു വിടുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കുന്നത് മഴ തുടരാനുള്ള സാധ്യത പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ആശങ്കയുടെ ആവശ്യമില്ലെന്നും മുൻകരുതൽ നടപടികളാണു സർക്കാർ കൈക്കൊള്ളുന്നതെന്നും മന്ത്രി അറിയിച്ചു.

നീരൊഴുക്ക് ശക്തമായതോടെയാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചത്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാന പ്രകാരമാണ് ഡാമിലെ വെള്ളം തുറന്നു വിടുന്നത്.

ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ 11 ന് തുറക്കും. ഒരു ഷട്ടർ 100 സെന്റിമീറ്ററും രണ്ടു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവുമാണ് ഉയർത്തുക. ചൊവ്വാഴ്ച രാവിലെ 7 ന് ജലനിരപ്പ് അപ്പർ റൂൾ കർവ് ആയ 2398.86 അടിയിലെത്തുമെന്നാണ് വിലയിരുത്തൽ. വെള്ളം തുറന്നുവിട്ട് ജലനിരപ്പ് 2395 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തി നിർത്തുകയാണ് ലക്ഷ്യം. ഇടുക്കി അണക്കെട്ട് തുറക്കുമ്പോൾ നേരിട്ട് ബാധിക്കാനിടയുള്ള 64 കുടുംബങ്ങളിലെ 222 പേരെ ഒഴിപ്പിക്കും. ഇടുക്കിയിൽ നിന്ന് വെള്ളം ഒഴുകിവരുന്ന പ്രദേശങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പെരിയാർ തീരത്ത് പ്രത്യേക ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്.

pinarayi

കേരള ജനതക്ക് നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളു. അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങൾ ഉൾക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം. ദുരന്ത സാഹചര്യങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം. ഏവർക്കും ഹൃദയപൂർവ്വം നബിദിന ആശംസകൾ നേരുന്നു.’

ന്യൂഡൽഹി: അതിർത്തിക്കപ്പുറത്ത് നിന്നും ചൈന അതീവ രഹസ്യമായി നടത്തുന്ന നീക്കങ്ങൾ പോലും മിനിട്ടുകൾക്കുള്ളിൽ അറിയാനുള്ള കഴിവ് ഇപ്പോൾ ഇന്ത്യൻ സൈന്യത്തിനുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ള ഇസ്രയേൽ നിർമ്മിതമായ അത്യന്താധുനിക ഹെറോൺ ഡ്രോണുകളുടെ സഹായത്താലാണ് ഇന്ത്യ ചൈനയുടെ നീക്കങ്ങൾ വീക്ഷിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ പ്രതിരോധ മേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്പത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയ ഡ്രോണുകൾ സ്വന്തമാക്കിയത്. 30,000 ഉയരത്തിൽ പറക്കാൻ കഴിവുള്ള ഡ്രോണുകളാണിവ.

ഭൂപ്രകൃതിയും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും തത്സമയം പകർത്തി സൈനിക കേന്ദ്രങ്ങൾക്ക് എത്തിച്ചു നൽകാൻ ഡ്രോണുകൾക്ക് കഴിയും. ഇത്രയും ഉയരത്തിലാണ് പറക്കുന്നതെങ്കിലും ഭൂമിയിലെ ചെറിയ വസ്തുക്കൾ പോലും ഹെറോണിന്റെ കണ്ണിൽപ്പെടും. രാവും പകലും ഒരുപോലെ പ്രവർത്തിക്കുന്ന കാമറകളാണ് പ്രധാന ശക്തി. എത്ര മോശം കാലാവസ്ഥയിലും ഹെറോൺ ഡ്രോണുകൾ നിരീക്ഷണം നടത്തി കൃത്യമായ വിവരങ്ങൾ നൽകും. 470 കിലോഗ്രാം ഭാരമുള്ള ആയുധങ്ങൾ വരെ വഹിക്കാനുള്ള ശേഷിയും ഈ ഡ്രോണുകൾക്കുണ്ട്.

350 കിലോമീറ്റർ ദൂരം വരെ ഹെറോൺ ഡ്രോണുകൾ സഞ്ചരിക്കും. ആവശ്യമെങ്കിൽ അതിർത്തി കടന്ന് ആക്രമണം നടത്തിയശേഷം സുരക്ഷിതമായി തിരിച്ചെത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. ആന്റി ജാമിംഗ് ശേഷിയാണ് ഹെറോൺ ഡ്രോണുകളുടെ മറ്റൊരു സവിശേഷത. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഹെറോൺ ഡ്രോണുകൾ നിർമിക്കുന്നത്. ഇന്ത്യക്ക് പുറമേ ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, തുർക്കി എന്നീ രാജ്യങ്ങളും ഹെറോൺ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.

ആലപ്പുഴ: കക്കി ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിനെക്കാൾ കൂടുതൽ കുട്ടനാട്ടിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി സജി ചെറിയാൻ. രാത്രിയിൽ ജലനിരപ്പ് ഉയരുമെന്നും ഇതിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാണ്ടനാട്ടും തിരുവൻവണ്ടൂരും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ടാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലം രാവിലെയോടെ ചെങ്ങന്നുർ, കുട്ടനാട് മേഖലയിലെത്തും. ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തീരത്ത് താമസിക്കുന്ന മുഴുവൻ ജനങ്ങളെയും മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കക്കി അണക്കെട്ട് തുറന്നത്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഡാമിന്റെ രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വരെയാണ് തുറന്നത്.

പമ്പാനദി തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ വൈകുന്നേരത്തോടെ നദികളിൽ വെള്ളം ഉയരും. വെള്ളം ഉയരുവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുക. കുളിക്കുവാനോ അലക്കുവാനോ മീൻപിടിക്കുവാനോ പമ്പാനദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പമ്പാ നദിയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തുക. അപകട സാധ്യത മേഖലകളിൽ നിന്നും ഇതുവരെ മാറിതാമസിക്കാത്തവർ ഉണ്ടെങ്കിൽ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്. ക്യാമ്പുകളിലേക്ക് മാറാനായി പ്രദേശത്തെ വാർഡ് മെമ്പർമാരെ ബന്ധപ്പെടാവുന്നതാണ്. പമ്പയുടെ തീരത്തുള്ള പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച മൈക്ക് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. അധികാരികളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. അമിത ആത്മവിശ്വാസം വഴി അപകടം ക്ഷണിച്ചുവരുത്താതെ ഇരിക്കുകയെന്ന് അദ്ദേഹം വിശദമാക്കി.

rain

സംസ്ഥാനത്ത് ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ വെള്ളിയാഴ്ച (ഒക്ടോബര്‍ 22) വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങള്‍ പൊതു ഇടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.

ഓല മേഞ്ഞതും ഷീറ്റ് പാകിയതും അടച്ചുറപ്പില്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയില്‍ പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം. കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കണം. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുത്.

പത്രം,പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നല്‍ സാധ്യത കൂടുതല്‍. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം

തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, കുട്ടികളെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

തിരുവനന്തപുരം: ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് ഉയർത്തുന്നത്. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് നടപടി.

പെരിയറിൽ നേരിയ വർദ്ധനവ് മാത്രമാണ് ഇതിലൂടെ ഉണ്ടാകുക. മഴ ശക്തമായാൽ കൂടുതൽ തുറക്കേണ്ടി വരുമെന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇടുക്കിയിൽ നിന്ന് വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശമുണ്ട്. ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകി. അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് രാത്രിയാത്ര നിരോധിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാർപ്പിക്കും.

നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് മണിക്കൂറിൽ 0.993 ഘനയടി വെള്ളമാണ്. ഇപ്പോഴത്തെ നിരക്ക് പരിശോധിച്ചാൽ രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും.

k rajan

പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശക്തമായ മഴയിലൂടെ ജലനിരപ്പ് ഉയരുന്നത് ക്രമീകരിക്കുന്നതിനായി കക്കി-ആനത്തോട് ഡാം തുറന്നിട്ടുണ്ട്. ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. കൃത്യമായ ഇടവേളകളില്‍ ഡാമുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നതാണ് അഭികാമ്യം. അടുത്ത ശക്തമായ മഴയുടെ ആരംഭത്തിന് മുന്‍പ് ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. എന്‍ഡിആര്‍എഫ് സംഘത്തെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എയര്‍ ലിഫ്റ്റിംഗ് സംഘത്തെ കൂടി വിന്യസിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അപകട ഘട്ടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുകയോ, പങ്കിടുകയോ ചെയ്യരുത്. റോഡ് തകരുന്നത് സംബന്ധിച്ചും ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും അവലോകന യോഗം ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു റ്റി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, എഡിഎം അലക്‌സ് പി തോമസ്, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.