തിരൂർ: കോൺഗ്രസ് നേതാവ് വി എം സുധീകരനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സുധീരനൊക്കെ വലിയ ആളുകളാണെന്നും എന്നാൽ അദ്ദേഹത്തെ എടുത്ത് ചുമലിൽ വെച്ച് നടക്കാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. സുധീരനെ ഒപ്പം നിർത്തി പാർട്ടിയെ നയിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വി എം സുധീരനെ പോയി കണ്ട് വിവരങ്ങൾ ചർച്ച ചെയ്തുവെന്നും തെറ്റ് സംഭവിച്ചെങ്കിൽ ക്ഷമയും ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അത്രയേ ഞാൻ പഠിച്ചിട്ടുള്ളൂവെന്നും എന്നെ പഠിപ്പിച്ചിട്ടുള്ളൂവെന്നും സുധാകരൻ വിശദമാക്കി.
വി എം സുധീരൻ പാർട്ടിയിൽ നിന്നും പുറത്ത് പോയിട്ടില്ല. പാർട്ടിയിൽ തന്നെയുണ്ട്. ഭാരവാഹി പട്ടിക സംബന്ധിച്ച് കോൺഗ്രസിൽ അതൃപ്തിയുണ്ടെങ്കിലും തമ്മിലടിയില്ല. കടൽ നികത്തി കൈത്തോട് നിർമ്മിക്കുന്ന രീതിയിലാണ് ഭാരവാഹികളുടെ എണ്ണം കുറച്ചത്. എല്ലാ പാർട്ടികളിലും ഗ്രൂപ്പുകളുണ്ട്. മഹാത്മ ഗാന്ധിജിയുടെ കാലത്തും ഗ്രൂപ്പുണ്ടായിരുന്നു. കോൺഗ്രസിൽ ഗ്രൂപ്പ് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

