ചെങ്ങന്നൂരിനെക്കാൾ കൂടുതൽ കുട്ടനാട്ടിൽ ജാഗ്രത വേണം; മുന്നറിയിപ്പ് നൽകി മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കക്കി ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിനെക്കാൾ കൂടുതൽ കുട്ടനാട്ടിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി സജി ചെറിയാൻ. രാത്രിയിൽ ജലനിരപ്പ് ഉയരുമെന്നും ഇതിനുമുമ്പ് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാണ്ടനാട്ടും തിരുവൻവണ്ടൂരും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ടാണ് കക്കി അണക്കെട്ട് തുറക്കേണ്ടിവന്നത്. ജലം രാവിലെയോടെ ചെങ്ങന്നുർ, കുട്ടനാട് മേഖലയിലെത്തും. ഏകദേശം ഒന്നരയടി വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തീരത്ത് താമസിക്കുന്ന മുഴുവൻ ജനങ്ങളെയും മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. ഇതിനുവേണ്ടിയുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കക്കി അണക്കെട്ട് തുറന്നത്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. ഡാമിന്റെ രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വരെയാണ് തുറന്നത്.

പമ്പാനദി തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ വൈകുന്നേരത്തോടെ നദികളിൽ വെള്ളം ഉയരും. വെള്ളം ഉയരുവാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുക. കുളിക്കുവാനോ അലക്കുവാനോ മീൻപിടിക്കുവാനോ പമ്പാനദിയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പമ്പാ നദിയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തുക. അപകട സാധ്യത മേഖലകളിൽ നിന്നും ഇതുവരെ മാറിതാമസിക്കാത്തവർ ഉണ്ടെങ്കിൽ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്. ക്യാമ്പുകളിലേക്ക് മാറാനായി പ്രദേശത്തെ വാർഡ് മെമ്പർമാരെ ബന്ധപ്പെടാവുന്നതാണ്. പമ്പയുടെ തീരത്തുള്ള പ്രദേശങ്ങളിൽ ഇത് സംബന്ധിച്ച മൈക്ക് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. അധികാരികളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. അമിത ആത്മവിശ്വാസം വഴി അപകടം ക്ഷണിച്ചുവരുത്താതെ ഇരിക്കുകയെന്ന് അദ്ദേഹം വിശദമാക്കി.