ആശങ്കയുടെ ആവശ്യമില്ല; . ഡാം തുറക്കുന്നത് മഴ തുടരാനുള്ള സാധ്യത പരിഗണിച്ചാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: ഇടുക്കി ഡാമിൽ നിന്നു സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളം തുറന്നു വിടുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. ഡാം തുറക്കുന്നത് മഴ തുടരാനുള്ള സാധ്യത പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ആശങ്കയുടെ ആവശ്യമില്ലെന്നും മുൻകരുതൽ നടപടികളാണു സർക്കാർ കൈക്കൊള്ളുന്നതെന്നും മന്ത്രി അറിയിച്ചു.

നീരൊഴുക്ക് ശക്തമായതോടെയാണ് ഇടുക്കി ഡാം തുറക്കാൻ തീരുമാനിച്ചത്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാന പ്രകാരമാണ് ഡാമിലെ വെള്ളം തുറന്നു വിടുന്നത്.

ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ 11 ന് തുറക്കും. ഒരു ഷട്ടർ 100 സെന്റിമീറ്ററും രണ്ടു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവുമാണ് ഉയർത്തുക. ചൊവ്വാഴ്ച രാവിലെ 7 ന് ജലനിരപ്പ് അപ്പർ റൂൾ കർവ് ആയ 2398.86 അടിയിലെത്തുമെന്നാണ് വിലയിരുത്തൽ. വെള്ളം തുറന്നുവിട്ട് ജലനിരപ്പ് 2395 അടിയിലേക്ക് ജലനിരപ്പ് താഴ്ത്തി നിർത്തുകയാണ് ലക്ഷ്യം. ഇടുക്കി അണക്കെട്ട് തുറക്കുമ്പോൾ നേരിട്ട് ബാധിക്കാനിടയുള്ള 64 കുടുംബങ്ങളിലെ 222 പേരെ ഒഴിപ്പിക്കും. ഇടുക്കിയിൽ നിന്ന് വെള്ളം ഒഴുകിവരുന്ന പ്രദേശങ്ങളിൽ അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പെരിയാർ തീരത്ത് പ്രത്യേക ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്.