ഇന്ത്യൻ സൈന്യത്തിന് കരുത്തായി ഹെറോൺ ഡ്രോണുകൾ; അതിർത്തിക്കപ്പുറത്തു നിന്നുള്ള നീക്കങ്ങൾ നിമിഷങ്ങൾക്കകം അറിയാം

ന്യൂഡൽഹി: അതിർത്തിക്കപ്പുറത്ത് നിന്നും ചൈന അതീവ രഹസ്യമായി നടത്തുന്ന നീക്കങ്ങൾ പോലും മിനിട്ടുകൾക്കുള്ളിൽ അറിയാനുള്ള കഴിവ് ഇപ്പോൾ ഇന്ത്യൻ സൈന്യത്തിനുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ള ഇസ്രയേൽ നിർമ്മിതമായ അത്യന്താധുനിക ഹെറോൺ ഡ്രോണുകളുടെ സഹായത്താലാണ് ഇന്ത്യ ചൈനയുടെ നീക്കങ്ങൾ വീക്ഷിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ പ്രതിരോധ മേഖലയ്ക്ക് അനുവദിച്ച അടിയന്തര സാമ്പത്തിക അധികാരത്തിന്റെ കീഴിലാണ് സൈന്യം പുതിയ ഡ്രോണുകൾ സ്വന്തമാക്കിയത്. 30,000 ഉയരത്തിൽ പറക്കാൻ കഴിവുള്ള ഡ്രോണുകളാണിവ.

ഭൂപ്രകൃതിയും അവിടെ നടക്കുന്ന സംഭവ വികാസങ്ങളും തത്സമയം പകർത്തി സൈനിക കേന്ദ്രങ്ങൾക്ക് എത്തിച്ചു നൽകാൻ ഡ്രോണുകൾക്ക് കഴിയും. ഇത്രയും ഉയരത്തിലാണ് പറക്കുന്നതെങ്കിലും ഭൂമിയിലെ ചെറിയ വസ്തുക്കൾ പോലും ഹെറോണിന്റെ കണ്ണിൽപ്പെടും. രാവും പകലും ഒരുപോലെ പ്രവർത്തിക്കുന്ന കാമറകളാണ് പ്രധാന ശക്തി. എത്ര മോശം കാലാവസ്ഥയിലും ഹെറോൺ ഡ്രോണുകൾ നിരീക്ഷണം നടത്തി കൃത്യമായ വിവരങ്ങൾ നൽകും. 470 കിലോഗ്രാം ഭാരമുള്ള ആയുധങ്ങൾ വരെ വഹിക്കാനുള്ള ശേഷിയും ഈ ഡ്രോണുകൾക്കുണ്ട്.

350 കിലോമീറ്റർ ദൂരം വരെ ഹെറോൺ ഡ്രോണുകൾ സഞ്ചരിക്കും. ആവശ്യമെങ്കിൽ അതിർത്തി കടന്ന് ആക്രമണം നടത്തിയശേഷം സുരക്ഷിതമായി തിരിച്ചെത്താനുള്ള കഴിവും ഇവയ്ക്കുണ്ട്. ആന്റി ജാമിംഗ് ശേഷിയാണ് ഹെറോൺ ഡ്രോണുകളുടെ മറ്റൊരു സവിശേഷത. ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഹെറോൺ ഡ്രോണുകൾ നിർമിക്കുന്നത്. ഇന്ത്യക്ക് പുറമേ ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, തുർക്കി എന്നീ രാജ്യങ്ങളും ഹെറോൺ ഡ്രോൺ ഉപയോഗിക്കുന്നുണ്ട്.