പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ ഉടനടി സ്വീകരിച്ചില്ലെങ്കിൽ ദാരുണമായ ദുരന്തങ്ങൾ ഇനിയും ഉണ്ടാകും; മുന്നറിയിപ്പ് നൽകി മാധവ് ഗാഡ്ഗിൽ

ന്യൂഡൽഹി: അതിതീവ്ര മഴയും പശ്ചിമഘട്ടത്തെ പരിധിയിൽ കവിഞ്ഞ് ചൂഷണം ചെയ്തതുമാണ് കേരളം നേരിടുന്ന ദുരന്തങ്ങൾക്കു കാരണമായതെന്ന് പരിസ്ഥിതി വിദഗ്ദ്ധൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള നടപടികൾ സർക്കാർ ഉടനടി സ്വീകരിച്ചില്ലെങ്കിൽ ദാരുണമായ ദുരന്തങ്ങൾ സംസ്ഥാനത്ത് ഇനിയും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

താൻ ഇതിനു മുമ്പും ഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും എന്നാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് അന്നത്തെ തന്റെ റിപ്പോർട്ട് അട്ടിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രളയ ഭീഷണി ഉണ്ടാകുന്നതിനും വളരെ മുൻപ് 2011 ലാണ് താൻ റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നേട്ടം മാത്രമായിരുന്നു കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാലാവസ്ഥാ മാറ്റത്തിനൊപ്പം പ്രകൃതി ചൂഷണം കൂടി ഒത്തുച്ചേർന്നപ്പോഴാണ് കേരളത്തിൽ സംഭവിക്കുന്നതു പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നത്. സിൽവർ ലൈൻ പ്രോജക്ടുകൾ പോലുള്ള പദ്ധതികൾ വേണമോ എന്ന് കേരളം ആത്മാർത്ഥമായും ചിന്തിക്കണമെന്നും കുറച്ച് സമയം ലാഭിക്കുന്നതിനു വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.