തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് കെഎസ്ഇബിക്ക് ഉണ്ടായത് 17.54 കോടിയുടെ നഷ്ടം. കോട്ടയം ജില്ലയിൽ മാത്രം 2.8 കോടിയുടെ നാശ നഷ്ടമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് കെഎസ് ഇബി ചെയർമാൻ ഡോ. ബി അശോക് വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് 6400 വൈദ്യുതി കമ്പികൾ പൊട്ടി വീണു. 5,20,000 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തകരാറിലായി. ഇതിൽ 4.5 ലക്ഷം കണക്ഷനുകൾ പുനഃസ്ഥാപിച്ചുവെന്നും ബാക്കിയുള്ള നാൽപ്പത്തി അയ്യായിരം കണക്ഷനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ല. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുകയും വൈദ്യുതി നിർമ്മാണം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ നിയന്ത്രണങ്ങളോടെ തുറക്കും. 2018 ലെ പ്രളയം കണക്കിലെടുത്താണ് മുൻകരുതലായി ഇടുക്കി അണക്കെട്ട് തുറക്കുന്നത്.
എന്നാൽ 2018 നെ അപേക്ഷിച്ച് പത്തിലൊന്ന് കുറവ് വെള്ളം മാത്രമാണ് തുറന്നുവിടുക. നാളെ രാവിലെ പതിനൊന്ന് മുതൽ രണ്ട് ഷട്ടർ 50 സെന്റിമീറ്റർ വീതം തുറക്കുമെന്നും സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം തുറന്ന് വിട്ട് ജലനിരപ്പ് 2395 അടിയിലെത്തിക്കാനാണ് ഉദേശിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി. എന്നാൽ ഡാമിലേക്കുള്ള ഒഴുക്ക് അനുസരിച്ച് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിൽ മാറ്റം വരാം. സമീപവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

