ഇടുക്കി ഡാം നാളെ തുറക്കും; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും

തിരുവനന്തപുരം: ഇടുക്കി ഡാം നാളെ തുറക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് ഉയർത്തുന്നത്. മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കും. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് നടപടി.

പെരിയറിൽ നേരിയ വർദ്ധനവ് മാത്രമാണ് ഇതിലൂടെ ഉണ്ടാകുക. മഴ ശക്തമായാൽ കൂടുതൽ തുറക്കേണ്ടി വരുമെന്നതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇടുക്കിയിൽ നിന്ന് വെള്ളമൊഴുകുന്ന പ്രദേശങ്ങളിലെല്ലാം ജാഗ്രതാ നിർദ്ദേശമുണ്ട്. ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകി. അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് രാത്രിയാത്ര നിരോധിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാർപ്പിക്കും.

നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2397.34 അടിയിലെത്തി. ജലനിരപ്പ് 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് മണിക്കൂറിൽ 0.993 ഘനയടി വെള്ളമാണ്. ഇപ്പോഴത്തെ നിരക്ക് പരിശോധിച്ചാൽ രാവിലെ ഏഴ് മണിയോടെ ജലനിരപ്പ് അപ്പർ റൂൾ കർവിലെത്തും.