ഉത്തർപ്രദേശിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ ഉത്തർപ്രദേശിൽ വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോണും ബിരുദം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നൽകുമെന്നാണ് പ്രിയങ്കാ ഗാന്ധി വാഗ്ദാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്റെ നീക്കം.

40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന പ്രഖ്യാപനം ജനങ്ങൾ ഏറ്റെടുത്തെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇതാണ് ഇത്തരത്തിലുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പിന്നിലെ കാരണം. പുതിയ പ്രഖ്യാപനങ്ങളിലൂടെ സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരുടെ പിന്തുണ നേടിയടുക്കാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രതീക്ഷ. കഴിഞ്ഞ ദിവസം കുറച്ച് പെൺകുട്ടികളെ കണ്ടുവെന്നും പഠനത്തിനും സുരക്ഷയ്ക്കുമായി മൊബൈൽ ഫോൺ വേണമെന്ന് അവർ തന്നോട് പറഞ്ഞുവെന്ന് പ്രയങ്കാ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞടുപ്പിലൂടെ അധികാരത്തിൽ വന്നാൽ പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോണും ബിരുദം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറും നൽകാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയക്കട്ടെയെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെയും യുവാക്കളുടെയും വോട്ടുകൾ നിർണായകമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.