ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനിൽ ആരോഗ്യ പ്രവർത്തകരുടെ സേവനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് കോടി വാക്‌സിനേഷൻ ഇന്ത്യയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ആ നേട്ടം നൽകിയ ഊർജ്ജവുമായാകും ഇനി മുൻപോട്ട് പോകുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി തടസങ്ങൾ മറികടന്നാണ് ആരോഗ്യ പ്രവർത്തകർ നൂറു കോടി വാക്‌സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ചത്. പ്രതികൂല സാഹചര്യത്തിൽ പോലും കോവിഡ് മുന്നണി പ്രവർത്തകർ വാക്സിനേഷൻ വേഗത്തിലാക്കാൻ കഠിനമായി പ്രവർത്തിച്ചു. പ്രകൃതി ദുരന്തങ്ങളേയും കോവിഡ് മഹാമാരിയെയും ഒരു പോലെ നേരിടുന്ന ജനങ്ങളുടെ ജീവിതം പ്രചോദനമാണ്. ഇതിനർത്ഥം വെല്ലുവിളികൾ എത്ര ശക്തമാണെങ്കിലും നേരിടുമെന്നതാണെന്നും രാജ്യത്തെ പൗരന്മാരുടെ ശക്തിയിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം വിശദമാക്കി.
രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണ് വാക്സിനേഷൻ ദൗത്യത്തിന്റെ വിജയം. ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് യോഗയെ മുഖ്യധാരയിലെത്തിക്കാൻ നടപടികൾ സ്വീകരിക്കും. സേനകളിൽ വനിതാ സാന്നിദ്ധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സർക്കാരിന്റെ മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

