തിരുവനന്തപുരം: ഡീ കമ്മീഷൻ മുല്ലപ്പെരിയാർ ഡാം ക്യാമ്പെയിന്റെ ഭാഗമായി നടൻ പൃഥ്വിരാജും. ഫേസ്ബുക്കിലൂടെയാണ് താരം ഡീ കമ്മീഷൻ മുല്ലപ്പെരിയാർ ഡാം ക്യാമ്പെയ്ന് പിന്തുണ അറിയിച്ചത്.
വസ്തുതകളും കണ്ടെത്തലുകളും എന്തുതന്നെയായാലും 125 വർഷം പഴക്കമുളള ഈ അണക്കെട്ട് സുരക്ഷിതമായി പ്രവർത്തിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ഒഴിവുകഴിവുമില്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവച്ച് ശരിയായത് ചെയ്യേണ്ട സമയമാണിതെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. മുല്ലപ്പെരിയാർ ഡാമിൽ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒന്നാം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജനജീവിതത്തിന് ഭീഷണിയാകുന്ന ഡാമിനെ ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പെയിൻ ആരംഭിച്ചത്.
1895 ൽ തിരുവിതാംകൂർ രാജാവായിരുന്ന മൂലംതിരുനാളിന്റെ കാലത്താണ് പെരിയാറിന് കുറുകെ മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചത്. 50 വർഷത്തെ ആയുസാണ് ഡാമിന് ഉദ്ദേശിച്ചിരുന്നത്. തമിഴ്നാട്ടിലെ മധുര, രാമനാഥപുരം, ഡിണ്ടിഗൽ, കമ്പം, തേനി എന്നിവിടങ്ങളിലേക്ക് ജലസേചനത്തിനാണ് ഡാം നിർമ്മിച്ചത്. എന്നാൽ പിന്നീട് കേരളവും തമിഴ്നാടും തമ്മിൽ തർക്കവിഷയമായി. 125 വർഷത്തെ കാലപ്പഴക്കം ഡാം കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക ഉയർത്തിയിരിക്കുകയാണ്.

