General (Page 1,357)

പട്ന: തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് വിട്ടു കൊടുക്കുന്നതിലെ താത്പര്യമില്ലായ്മ പരസ്യമായി പ്രകടിപ്പിച്ച് മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. ബിഹാറിൽ സഖ്യകക്ഷിയായ കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള കഴിവിൽ സംശയം പ്രകടിപ്പിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. കോൺഗ്രസ് മത്സരിച്ചാൽ തോൽക്കുമെന്ന് ഉറപ്പുള്ള സീറ്റ് എന്തിന് അവർക്ക് കൊടുക്കണമെന്ന് അദ്ദേഹം ചോദിച്ചു. പാട്നയിലേക്ക് മടങ്ങുന്നതിനു മുൻപായി ഡൽഹിയിൽ വച്ച് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ഭക്ത ചരൺ ദാസിനെ ലാലു പ്രസാദ് യാദവ്‌ വിവേകശൂന്യനായ വ്യക്തിയെന്ന് വിളിക്കുകയും ചെയ്തു. കോൺഗ്രസ് മത്സരിച്ചാൽ ചിലപ്പോൾ കെട്ടിവച്ച കാശ് പോലും തിരിച്ചു ലഭിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ കുശേശ്വറിലും താരാപൂരിലും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചായിരുന്നു ലാലു പ്രസാദ് യാദവിന്റെ പരാമർശങ്ങൾ.

അതേസമയം 2020 ൽ നടന്ന ബിഹാർ തിരഞ്ഞെടുപ്പിൽ കുശേശ്വരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടിരുന്നു. തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സീറ്റ് വിട്ടുനൽകാൻ ലാലുവിന്റെ പാർട്ടിയായ ആർ ജെ ഡി തയ്യാറായിരുന്നില്ല.

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട വിഷയത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെറിയാൻ ഫിലിപ്പ് പാർട്ടി വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റു പറ്റിയത് തനിക്കാണ്. കോൺഗ്രസ് നേതൃത്വം ചെറിയാൻ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാൻ ശ്രമിക്കേണ്ടതായിരുന്നുവെന്നും ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. അവുക്കാദർകുട്ടിനഹ പുരസ്‌കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിച്ചശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 20 വർഷത്തിന് ശേഷം സമാന ചിന്താഗതിക്കാർ ഒരു വേദിയിലെത്തുന്നു എന്ന ആമുഖത്തോടെയാണ് ഉമ്മൻ ചാണ്ടി യോഗത്തിൽ പ്രസംഗം ആരംഭിച്ചത്.

അതേസമയം ഉമ്മൻ ചാണ്ടി തന്റെ രക്ഷാകർത്താവാണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തിൽ യാഥാർഥ്യമായെന്നും അദ്ദേഹം വിശദമാക്കി. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഭാഗത്ത് നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 2018, 19 വർഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതർലൻഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകവെ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് വി എസ് രംഗത്തെത്തിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവും തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പുനഃപ്രസിദ്ധീകരിച്ചു. മുല്ലപ്പെരിയാർ ഡി കമ്മിഷൻ ചെയ്യേണ്ടതിന്റെ ആവശ്യകത എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു വിഎസിന്റെ വാർത്താക്കുറിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയിൽ നിലനിർത്തേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്റെ കാരണങ്ങളെ കുറിച്ചും അദ്ദേഹം വിശദമാക്കിയിരുന്നു.

ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുർക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയർത്തിയ ഈ മേജർ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീർന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി. തമിഴ്നാട് ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തൽ സംവിധാനങ്ങൾ താൽക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു. ഭൂമികുലുക്കം ഉൾപ്പെടെയുളള അത്യാഹിതങ്ങളാൽ അണക്കെട്ട് തകർന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു വിഎസ് പറഞ്ഞത്.

മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ അതിന്റെ പ്രഹരം താങ്ങാൻ കഴിയാതെ കീഴ് നദീതട പ്രാന്തത്തിൽ നിലനിൽക്കുന്ന മൂന്ന് കൂറ്റൻ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനു പുറമെ പെരിയാർ ടൈഗർ റിസർവിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയിൽ ഞാൻ പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവും പുനഃപ്രസിദ്ധീകരിക്കുന്നു.

തിരുവനന്തപുരം, 27.02.2006. പത്രക്കുറിപ്പ് വി.എസ്. അച്യുതാനന്ദൻ.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയിൽ നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയർത്തണം എന്നും തുടർന്ന് 152 അടയിൽ എത്തിക്കുന്നതിനുവേണ്ട നടപടികൾ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്. ഒരു ഫെഡറൽ സംവിധാനം നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്, തമിഴ്നാട് സംസ്ഥാനത്തിന്റേത് എന്നതുപോലെ കേരളത്തിന്റെ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ സുപ്രീംകോടതിയ്ക്ക് ബാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് ഈ കേസ് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന് കൈമാറുന്നതിനുളള നടപടികൾ ഉടൻ എടുക്കണെമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ വേണ്ടതുപോലെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നും ഈ വിധി വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച സസ്പെൻഷനിലായ കൈക്കൂലിക്കും അഴമതിക്കും പേരുകേട്ട ഒരു ചീഫ് എഞ്ചിനീയർ ആയിരുന്നു ഈ സുപ്രധാന വിഷയം കൈകാര്യം ചെയ്തിരുന്നത്. സ്വാഭാവികമായും നിക്ഷിപ്തതാൽപ്പര്യക്കാർക്ക് വഴങ്ങി കേരളത്തിന്റെ ആവശ്യങ്ങൾ, സംസ്ഥാനത്തിനു വേണ്ടി കേസ് വാദിച്ച അഭിഭാഷകരെ യഥാസമയം അറിയിക്കുന്നതിൽ ഇദ്ദേഹം വീഴ്ചവരുത്തിയുണ്ടാകും എന്നുറപ്പാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയിൽ നിലനിർത്തേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്റെ കാരണങ്ങൾ താഴെ പറയുന്നു:

  1. ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുർക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയർത്തിയ ഈ മേജർ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീർന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി.
  2. തമിഴ്നാട് ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തൽ സംവിധാനങ്ങൾ താൽക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു.
  3. ഭൂമികുലുക്കം ഉൾപ്പെടെയുളള അത്യാഹിതങ്ങളാൽ അണക്കെട്ട് തകർന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്.
  4. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ അതിന്റെ പ്രഹരം താങ്ങാൻ കഴിയാതെ കീഴ് നദീതട പ്രാന്തത്തിൽ നിലനിൽക്കുന്ന മൂന്ന് കൂറ്റൻ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും
  5. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാർ ടൈഗർ റിസർവിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.

(നേരിനൊപ്പം) 13..09..2006 മുല്ലപ്പെരിയാർ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റിയും അതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മേൽ തൂങ്ങിക്കിടക്കുന്ന ആപത്തിനെപ്പറ്റിയും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞപ്പോൾ, നിയമസഭക്കകത്തും പുറത്തും ശ്രദ്ധ ക്ഷണിച്ചപ്പോൾ അതിശയോക്തിയായി കണ്ടണ്ടവരുണ്ട്. ഒരണക്കെട്ട്, അതിലെ വെള്ളം – അതിലെന്താണിത്രമാത്രം വേവലാതിപ്പെടാൻ എന്ന് ചിലരെങ്കിലും അതിശയം കൂറി. എന്നാലിപ്പോൾ കേരളീയരെല്ലാം ഏറെ ഉത്ക്കണ്ഠണ്ടപ്പെടുന്ന ഒരു പ്രശ്നമായി, ദൈനംദിനം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമായി മുല്ലപ്പെരിയാർ മാറിയിരിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞാൻ ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ കാണുകയുണ്ടായി. മുല്ലപ്പെരിയാർ പ്രശ്നത്തിൽ ചർച്ച നടത്തി രമ്യതയിലെത്തേണ്ടതിന്റെ പ്രാധാന്യം ആ അവസരത്തിൽ പറയുകയുണ്ടായി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ തൽക്കാലം സ്റ്റാറ്റസ്‌കോ തുടരാൻ നടപടിയെടുക്കുകയും മുഖ്യമന്ത്രി തല ചർച്ചയ്ക്ക് വഴി തുറക്കുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഞാൻകഴിഞ്ഞ ദിവസം കരുണാനിധിക്ക് കത്തയച്ചു. പ്രശ്നം വഷളാക്കാൻ, വൈകാരികതയുണ്ടാക്കി സംഘർഷമുണ്ടാക്കാൻ ചിലരുടെ ഭാഗത്തു നിന്നും ഔദ്യോഗികവും അനൗദ്യോഗികവുമായി ചില നീക്കങ്ങളുണ്ടായതിനെ തുടർന്നാണ് കത്തയച്ചത്.

അണക്കെട്ട് സന്ദർശിക്കാൻ കേരളത്തിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും എത്തുമ്പോൾ തടയുന്നതിനുള്ള ശ്രമം, സ്വീപ്പേജ് വാട്ടർ പരിശോധിക്കാൻ നടത്തിയ ശ്രമം തടഞ്ഞത്, ജലനിരപ്പ് 142 അടിയാക്കാനുള്ള നീക്കം, അണക്കെട്ടിന്റെ പരിസരത്ത് തമിഴ്നാട് പോലീസിനെ വിന്യസിക്കുമെന്ന പ്രഖ്യാപനം, അണക്കെട്ടിനടുത്ത് പൂജനടത്തൽ, ജലനിരപ്പുയർത്തണമെന്നാവശ്യപ്പെട്ട് റാലി നടത്താനുള്ള വൈക്കോയുടെയും മറ്റും നീക്കം – ഇങ്ങനെ അപക്വവും ഏകപക്ഷീയവും ധാർഷ്ഠ്യം നിറഞ്ഞതുമായ നടപടികളുണ്ടായപ്പോഴാണ് തികഞ്ഞ സംയമനത്തോടെ കരുണാനിധിക്ക് കത്തയച്ചത്. ആ കത്തിന് കരുണാനിധിയുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി തല ചർച്ച വൈകാതെ നടത്താൻ കഴിയും.

കേരളത്തിന്റെ വെള്ളം എന്തിന് തമിഴ്നാടിന് കൊടുക്കുന്നു, അങ്ങനെ സൗമനസ്യവും ഔദാര്യവുമൊന്നും വേണ്ട എന്ന് തീവ്രവാദപരമായി പറയുന്ന ചിലർ കേരളത്തിലുണ്ട്. തമിഴ്നാട്ടിലെ അധികൃതരിൽ ഒരു വിഭാഗവും അവിടത്തെ ചില സംഘടനകളും അതിവൈകാരികതയോടെ, ധാർഷ്ഠ്യത്തോടെ ഈ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനത്തിന് അതേ നാണയത്തിൽ പ്രതികരിക്കുന്ന സമീപനം. അത് ആശാസ്യമല്ല. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാട്ടിന് നൽകുന്ന കാര്യത്തിൽ വീണ്ടുവിചാരമില്ല. വെള്ളം നൽകുക തന്നെ വേണം. എന്നാൽ ജലനിരപ്പ് 136 അടിയിൽ ഒരിഞ്ച് കൂട്ടാൻ അനുവദിക്കാനാവില്ല; അണക്കെട്ടിന്റെ അപകടാവസ്ഥ പരിഗണിച്ച് പുതിയ അണക്കെട്ടുണ്ടാക്കാൻ തമിഴ്നാട് തയ്യാറാകണം – ഇതാണ് സംസ്ഥാനത്തിന്റെ സുചിന്തിതമായ നയം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിന്നും 142 അടിയാക്കാമെന്ന് സുപ്രീംകോടതി ഏതാനും ആഴ്ചകൾക്ക് മുമ്പ് വിധിക്കുകയുണ്ടായി. കേരളത്തിന്റെ താല്പര്യം അവഗണിച്ചുകൊണ്ടുള്ള വിധിയാണത്. അതിനാൽ പുനഃപരിഗണന അനിവാര്യമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ കോടതി വിധികളിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് കരുതുന്നില്ല. ആർബിട്രേറ്റർമാരെ നിയമിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ആദ്യത്തെ കരാറിൽത്തന്നെ വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് ആർബിട്രേറ്റർമാരെ നിയമിക്കുക, അവർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അമ്പയറെ നിയമിക്കുക എന്നതാണ് നിബന്ധന. ആർബിട്രേറ്ററേയും അമ്പയറേയും നിയോഗിച്ച് പ്രശ്നത്തിൽ തീർപ്പുണ്ടാക്കിയതിന്റെ അനുഭവം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ മുമ്പുണ്ടായിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ലഭിക്കുന്ന ജലമുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി 1932ൽ തമിഴ്നാട് ശ്രമിച്ചു. അതിനെ തിരുവിതാംകൂർ എതിർത്തതിനെ തുടർന്ന് ആർബിട്രേറ്റർമാരെ നിയമിച്ചു. അവർ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്പയറായി നളിനി രഞ്ചൻ ചാറ്റർജിയെ നിയോഗിച്ചു. ജലസേചനാവശ്യത്തിനു മാത്രമാണ് കരാർ പ്രകാരം തിരുവിതാംകൂർ തമിഴ്നാടിന് വെള്ളം അനുവദിക്കുന്നതെന്നതിനാൽ വൈദ്യുതോല്പാദനത്തിന് അവർക്ക് അധികാരമില്ലെന്ന് അമ്പയർ വിധിച്ചു. എന്നാൽ 1970 ൽ മുല്ലപ്പെരിയാർ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാൻ തമിഴ്‌നാടുമായി കേരളം കരാറുണ്ടാക്കിയെന്നത് വേറെ കര്യം. പറഞ്ഞുവന്നത് മുല്ലപ്പെരിയാർ പ്രശ്നത്തിൽ കോടതി വഴിയല്ല പരിഹാരം കാണേണ്ടതെന്നാണ്. എന്നാൽ നിലവിൽ കേസുകൾ കോടതിയിൽ നടന്നുവരുന്നതിനാൽ സംസ്ഥാന താല്പര്യം സംരക്ഷിക്കാൻ കോടതിയിൽ പരമാവധി ശ്രമം നടത്തും.

മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കുന്നതിന് രാജഭരണകാലത്ത് ഉണ്ടാക്കിയ പാട്ട കരാറിൽത്തന്നെ വളഞ്ഞവഴി പ്രകടമാണ്. തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചുവിടാനായി പെരിയാറിൽ അണകെട്ടുന്നതിന് നിർദ്ദേശമുയർന്നപ്പോൾ 1882 ഒക്ടോബറിൽ ദിവാൻ പേഷ്‌കാറുടെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ടാക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. 1882 മാർച്ച് 20ന് ആ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത് ഡാം നിർമ്മിക്കുന്നത് തിരുവിതാംകൂറിന്റെ രക്ഷക്ക് ഭീഷണിയാണെന്നാണ്. എന്നാൽ വിശാഖം തിരുനാൾ മഹാരാജാവ് അന്തരിച്ച ശേഷം ഭരണം ഇവിടെ അല്പം ദുർബലമായെന്നു തോന്നിയ ഘട്ടത്തിൽ മദിരാശി ഭരണകൂടം ഒരു തരത്തിൽ കരാർ അടിച്ചേല്പിക്കുകയായിരുന്നു. തൊള്ളായിരിത്തി തൊണ്ണൂറ്റി ഒൻപത് വർഷത്തേക്ക് മുല്ലപ്പെരിയാറിലെ വെള്ളം അണകെട്ടി കൊണ്ടുപോകുന്നതിനുള്ള കരാർ. പ്രതിഫലം നാമമാത്രം. അണകെട്ടുന്നതിന് എണ്ണായിരം ഏക്കർ സ്ഥലമാണ് വിട്ടുകൊടുത്തത്.

1895ൽ വെന്റ്ലോക്ക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്തു. അണകെട്ടാൻ നേതൃത്വം നൽകിയ ചീഫ് എഞ്ചിനീയർ പെന്നി ക്വീക്ക് അപ്പോൾ അവകാശപ്പെട്ടത് അണയുടെ ആയുസ്സ് അമ്പതുകൊല്ലം എന്നാണത്രേ! ചുണ്ണാമ്പും മണലും ഉപയോഗിച്ച് ഉറപ്പിച്ച കല്ലുകൾ. ഇന്നത്തെ നിലക്ക് പഴഞ്ചനായ എഞ്ചിനീയറിംഗ് രീതി. ഇപ്പോൾ നൂറ്റിപ്പതിനൊന്ന് കൊല്ലമായിരിക്കുന്നു. അണക്കെട്ടിന് ബലക്ഷയം സംഭവിച്ചിരിക്കുന്നു. മുല്ലപ്പെരിയാർ മേഖലയിൽ ഒന്നിലേറെ തവണ ഭൂചലനമുണ്ടായി. ഭൂകമ്പസാദ്ധ്യതയുള്ള മേഖലയായി മുല്ലപ്പെരിയാർ മേഖല തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ. . . . .

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിൽ അതിന്റെ ഉത്ഭവകേന്ദ്രമായ ശിവഗിരി മലകളിൽ നിന്നും നാല്പത്തെട്ട് കിലോമീറ്ററോളം താഴ്ചയിൽ, പോഷക നദിയായ മുല്ലയാർ ചേരുന്നിടത്ത് അണകെട്ടിയിട്ട് 111 വർഷമായിരിക്കുന്നു. നൂറ് വർഷത്തിനു മേൽ പഴക്കമുള്ള നാല്പതോളം അണകളാണ് ഇന്ത്യയിലുള്ളത്. പഴയ എഞ്ചിനീയറിംഗ് രീതിയും പഴക്കവും ആ അണകൾക്കെല്ലാം ഭീഷണിയാണ്. എന്നാൽ അതിന് പുറമേ ഭൂകമ്പ ഭീഷണിയും ഭൂമിശാസ്ത്രപരമായ മറ്റ് സാഹചര്യങ്ങളും കൂടി ആശങ്ക വിതക്കുന്നത് മുല്ലപ്പെരിയാറിന്റെ കാര്യത്തിലാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ മൂന്ന് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാവുക. പരോക്ഷമായി അഞ്ചു ജില്ലകളിലെ മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങളേയും ബാധിക്കുന്ന പ്രശ്നം, ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട 24 ചത്രുശ്രമൈൽ വരുന്ന ജലാശയങ്ങൾ, ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകൾ – ആർച്ച് ഡാം, ചെറുതോണി, കുളമാവ് – എന്നിവയാകെ അപകടപ്പെട്ടേക്കാം. അതായത് മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാൽ കേരളത്തിന്റെ തകർച്ചയാണ് സംഭവിക്കുക.

എന്നിട്ടും അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിൽ നിന്നും 142 അടിയാക്കാൻ തമിഴ്നാട് ശ്രമിക്കുന്നു. അതിന് സുപ്രീംകോടതി അനുമതി നൽകുന്നു! മുമ്പ് 142 അടിയും ചില ഘട്ടങ്ങളിൽ അതിലേറെയും ഉണ്ടായിരുന്ന ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തിയത് കേരളമല്ല. സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാൻ ഡോ: കെ.സി.തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ തീരുമാനിച്ചതും അംഗീകരിക്കപ്പെട്ടതുമാണ്. 136 അടിയായി കുറച്ചാൽ മാത്രം പോര, അണക്കെട്ടിന്റെ ബലം കൂടണമെന്നും വാട്ടർ കമ്മീഷൻ നിർദ്ദേശിച്ചു. ഇരുപത്തേഴുകൊല്ലം മുമ്പായിരുന്നു അത്. അതനുസരിച്ച് ചില പ്രവൃത്തികൾ തമിഴ്നാട് ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും മുല്ലപ്പെരിയാർ അണക്കെട്ട് ഇനിയും അഭംഗുരം തുടരണമെന്ന വാദത്തിന് ശക്തി പകരുന്നില്ല. അണക്കെട്ട് അപകടത്തിലാണ്. അതിവേഗം പുതിയ അണക്കെട്ട് നിർമ്മിക്കാവുന്നതാണ്. ആധുനിക എഞ്ചിനീയറിംഗിന്റെ ബലത്തിൽ കരുത്തുറ്റ അണക്കെട്ട്. അതോടെ പഴയ അണക്കെട്ട് പ്രവർത്തനരഹിതമായി പ്രഖ്യാപിക്കപ്പെടണം. അങ്ങനെയാണെങ്കിൽ കേരളത്തിന്റെ ആശങ്ക തീരും. തമിഴ്നാടിന്റെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യും.

തമിഴ്നാട്ടിലെ രണ്ടു ജില്ലകളിലെ ലക്ഷക്കണക്കിന് കൃഷിക്കാരുടെ ആശ്രയമാണ് മുല്ലപ്പെരിയാർ ജലം. പ്രതിവർഷം നൂറുകോടി ക്യുബിക് അടിയോളം വെള്ളമാണ് ഇവിടെ നിന്നും അവർക്ക് കിട്ടുന്നത്. അത് തുടരേണ്ടത് തന്നെയാണ്. എന്നാൽ അതിനുവേണ്ടി കേരളത്തിന്റെ ജീവിതം അപകടാശങ്കയിലാക്കുന്ന സ്ഥിതി വന്നാലോ. . . . . . . . . . തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുവർഷം വെള്ളം കൊടുക്കാനാണ് കരാർ. അന്നുണ്ടാക്കിയ അണക്കെട്ട് 999 വർഷം തുടരാനല്ല. അതുകൊണ്ട് കേരളത്തിന്റെ സൗമനസ്യത്തോട് അതേമട്ടിൽത്തന്നെ തമിഴ്നാടും പ്രതികരിക്കേണ്ടതുണ്ട്.

പൂജ നടത്തി വികാരം സൃഷ്ടിക്കുക, റാലി നടത്തി പ്രകോപനമുണ്ടാക്കുക, ഡാം സുരക്ഷാ അതോറിറ്റി സംഘത്തെപ്പോലും തടയുക, കേരളത്തിന്റെ എതിർപ്പ് വകവെക്കാതെ ജലനിരപ്പ് 142 അടിയാക്കാൻ നടപടി തുടങ്ങുമെന്ന് പ്രഖ്യാപിക്കുക, കേരളത്തിന്റെ സ്ഥലമായ മുല്ലപ്പെരിയാറിൽ തമിഴ്നാട് പോലീസിനെ നിയോഗിക്കുമെന്ന് പറയുക – അതെല്ലാം പ്രകോപനമാണ്. അതിൽ ആരും വീണുപോകരുത്. പ്രശ്നം സൗഹാർദ്ദത്തോടെ തീർക്കേണ്ടതുണ്ട്. തൽക്കാലം ആവശ്യം നിലവിലുള്ള സ്ഥിതി തുടരലാണ്. ബാക്കി കാര്യം ചർച്ചയിലൂടെ പരിഹരിക്കാം.

covid

ബെയ്ജിംഗ്: നീണ്ട ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് വൈറസ് പടർന്നു പിടിക്കുന്നു. ഡെൽറ്റ വകഭേദമാണ് ചൈനയിയെ പലഭാഗത്തും റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കാനിടയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. വിദേശത്തു നിന്നെത്തിയ കൊവിഡ് ഡെൽറ്റ വകഭേദമാണ് ചൈനയിൽ ഭീഷണിയെന്ന് ദേശീയ ഹെൽത്ത് കമ്മീഷൻ ഉദ്യോഗസ്ഥൻ ലിയാങ്യു അറിയിച്ചു.

ചൈനയിലെ 11 പ്രവിശ്യകളിൽ ഒക്ടോബർ 17 മുതലാണ് കോവിഡ് വകഭേദം പടരാൻ ആരംഭിച്ചതെന്നാണ് ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെങ് അറിയിക്കുന്നത്. രാജ്യം വിട്ട് യാത്ര ചെയ്തവരിലാണ് രോഗബാധ കൂടുതലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്ത് സ്ഥലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗൻസു പ്രവിശ്യയിലെ ലാൻഴൗ അടക്കമുള്ള നഗരങ്ങളിൽ പൊതുഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മംഗോളിയയുടെ പടിഞ്ഞാറൻ മേഖലയായ എജിനയിൽ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന് ഒക്ടോബർ 30 ന് നിശ്ചയിച്ച മാരത്തൺ നിരോധിച്ചു.

മുംബൈ: ആഢംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനെ പുതിയ മനുഷ്യനാക്കി മാറ്റാൻ പിതാവ് ഷാരൂഖ് ഖാന് കഴിയുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ആര്യനെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാരൂഖ് ഖാനോട് താൻ പറഞ്ഞിട്ടുണ്ടെന്നന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്യന് നല്ല ഭാവിയുണ്ട്. ആര്യൻ ഖാനെ ജയിലിൽ ഇടുന്നതിന് പകരം രണ്ടോ മൂന്നോ മാസം ലഹരിവിമുക്ത കേന്ദ്രത്തിലാക്കണം. രാജ്യത്ത് നിരവധി ലഹരിവിമുക്ത കേന്ദ്രങ്ങളുണ്ട്. എല്ലാ ശീലവും മാറിക്കൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നവരെ ജയിലിൽ അയക്കുന്നതിന് പകരം ലഹരിവിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ അയക്കുന്നതിനായി പുതിയ നിയമം ഉണ്ടാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ശ്രീനഗർ: ജമ്മു കശ്മീരിൽ വരാനിരിക്കുന്ന വികസനപ്രവർത്തനങ്ങളെ കുറിച്ച് വിശദമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഷാ ഭഗവതി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ കശ്മീരിലെത്തിയത്. 2019 ഓഗസ്റ്റിൽ 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്.

ജമ്മുവും കശ്മീരും വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനുശേഷമുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ് അദ്ദേഹം റാലിയിൽ വിശദമാക്കിയത്. ജമ്മു വിമാനത്താവളം വിപുലീകരിക്കും, ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റർ സേവനങ്ങൾ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. നിലവിൽ 12,000 കോടിയിലേറെ രൂപ ജമ്മു കശ്മീരിൽ നിക്ഷേപിച്ചു. 2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസനത്തെ തടയാൻ ആർക്കും കഴിയില്ല. കശ്മീരിൽ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത് ക്ഷേത്രങ്ങളുടെ ഭൂമിയാണ്. മാതാ വൈഷ്‌ണോ ദേവിയുടെ, പ്രേം നാഥ് ധോഗ്രയുടെ, ത്യാഗിയായ ശ്യാമ പ്രസാദ് മുഖർജിയുടെ ഭൂമിയാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ജയിപ്പിക്കില്ല. 370-ാം വകുപ്പ് റദ്ദാക്കായതോടെ വാത്മീകി വിഭാഗക്കാരോടും വടക്കൻ പാകിസ്താനിൽ നിന്നുള്ള അഭയാർഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരിൽ നടപ്പിലാക്കാനും സാധിച്ചു. ജമ്മു കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കിൽ ഭീകരർ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഡാമിനെ സംബന്ധിച്ച് ചിലർ സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായതും അനാവശ്യ ഭീതിപരത്തുന്നതുമായ പോസ്റ്റുകളിടുന്നുണ്ട്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. സംസ്ഥാനത്തെ മഴക്കെടുതികളെ സംബന്ധിച്ച് എം.എം.മണിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ അണക്കെട്ടിനു അപകടം ഒന്നുമില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷക്കുന്നത്. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിണറായി വിജയൻ കത്തയച്ചു. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ ഇക്കാര്യം ആവശ്യപ്പെട്ട് സ്റ്റാലിന് കത്തയച്ചത്.

തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദേശം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ഇപ്പോഴത്തെ ഒഴുക്ക് 2109 സിഎസ് ആണ്. പുറന്തള്ളൽ നില ഒക്ടോബർ 20 ലെ കണക്കുപ്രകാരം 1750 സിഎസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോൾ റിസർവോയർ ലെവൽ 142 അടിയിൽ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തുരങ്കം വഴി തമിഴ്‌നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കുറിച്ചും ജനങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.

കോഴിക്കോട്: കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്ത വിഷയത്തിൽ പ്രതികരണവുമായി അനുപമയുടെ പിതാവും പേരൂർക്കട സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ജയചന്ദ്രൻ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജയചന്ദ്രൻ നൽകുന്ന വിശദീകരണം. തന്റെ കുടുംബത്തെ വലിയൊരു അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചത്. കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മതത്തോടെയാണെന്നും അദ്ദേഹം വിശദമാക്കി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നൽകിയാണ് മകളെ വളർത്തിയത്. ഡിഗ്രി അവസാന വർഷ വേളയിലാണ് മകൾ അജിത്തുമായി പ്രണയത്തിലാകുന്നത്. ഏതു വെല്ലുവിളികളെയും നേരിടാൻ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളർത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവൾ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കരുതലും സ്നേഹവുമുള്ള ഒരച്ഛൻ മകൾ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങൾ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എല്ലാ അച്ഛൻമാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകർത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാൽ അവൾ അതൊന്നും കേൾക്കാൻ തയ്യറായില്ലെന്നു ജയചന്ദ്രൻ വ്യക്തമാക്കുന്നു.

മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. കാര്യങ്ങളെല്ലാം ഞങ്ങൾ അറിയുമ്പോൾ അനുപമ എട്ടുമാസം ഗർഭിണിയായിരുന്നു. അന്നവളെ പരിചരിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ സമയത്ത് അജിത്ത് എവിടെയായിരുന്നു. ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കിൽ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലല്ലായിരുന്നു അനുപമ. മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിൽ ഏൽപ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ തങ്ങൾ കൂട്ടായി തീരുമാനിച്ചിരുന്നുവെന്നും വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രസവിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. അതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. മൂത്ത മകളുടെ വിവാഹവും നടന്നു. 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കിൽ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയതെന്നും അദ്ദേഹം വിശദമാക്കി.

കുട്ടിയെ അനുപമ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിർത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് താൻ ആരോടെങ്കിലും പറഞ്ഞോയെന്ന് അദ്ദേഹം ചോദിച്ചു. കുഞ്ഞിനെ നൽകാനുള്ള അവളുടെ തീരുമാനത്തെ താൻ പിന്തുണച്ചു. ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെങ്കിൽ അത് തടയാൻ താൻ ആരാണ്? ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നമാണ്. അതിൽ എനിക്ക് പങ്കില്ലെന്നും വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. താൻ മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. അനുപമ തന്റെ മകളാണ്. എല്ലാത്തിനുപരിയായ തങ്ങൾ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. തന്റെ കഷ്ടപ്പാടുകൾ നിങ്ങൾ അനുഭവിക്കുമ്പോൾ മാത്രമേ മനസിലാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി വർക്കിങ് കലണ്ടർ തയ്യാറാക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥയനുസരിച്ച് പണി ആരംഭിക്കുന്ന തരത്തിൽ അനുമതി നൽകുന്ന കാര്യങ്ങൾ ഏകീകരിക്കുന്ന രീതിയിലായിരിക്കും കലണ്ടർ തയ്യാറാക്കുക.

ഉദ്യോഗസ്ഥർക്കൊപ്പം കരാറുകാർക്കും പരിശീലനം നൽകുന്നതിന് കെഎച്ച്ആർഐയിൽ സംവിധാനം ഏർപ്പെടുത്തും. റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോൺട്രാക്റ്റ് സംവിധാനം നടപ്പാക്കും. ഓരോ റോഡിനും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏൽപ്പിക്കുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഈ സംവിധാനം നടപ്പാക്കുമ്പോൾ എല്ലാ കരാറുകാരുടേയും പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് മാസത്തിലൊരിക്കൽ കരാറുകാരുടെ സംഘടനകളുടെ യോഗം വിളിക്കുമെന്നും കരാറുകാരുടെ പ്രശ്‌നങ്ങൾ ഈ യോഗങ്ങളിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് കരാറുകാരുടെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പിന്തുണ നൽകുകയും ചെയ്തു.

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. മേൽനോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. പ്രശ്‌നങ്ങൾ കേരളവും തമിഴ്‌നാടും ചർച്ച ചെയ്ത് തീരുമാനിച്ചാൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി വ്യക്തമാക്കി. കേരളം ചർച്ചയ്ക്ക് തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളവുമായും മേൽനോട്ടസമിതിയുമായും ആലോചിക്കാമെന്ന് തമിഴ്‌നാട് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം വിഷയത്തിൽ മേൽനോട്ട സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയാണെന്നും തമിഴ്‌നാട് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിർത്തണമെന്നാണ് കേരളം മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. മുല്ലപ്പെരിയാർ പരിസരത്ത് ആളുകൾ ഭീതിയോടെ കഴിയുകയാണെന്നും കേരളം കോടതിയെ അറിയിച്ചു. എന്നാൽ അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിർത്തേണ്ട അടിയന്തിര സാഹചര്യമുണ്ടോയെന്ന് കോടതി ചോദിച്ചു. മുല്ലപ്പെരിയാറിലെ സ്ഥിതി ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതൊരു രാഷ്ട്രീയ വിഷയമാക്കി മാറ്റരുതെന്നും കോടതി അഭിപ്രായപ്പെട്ടു.