കോഴിക്കോട്: കുഞ്ഞിനെ അമ്മയിൽ നിന്നും തട്ടിയെടുത്ത വിഷയത്തിൽ പ്രതികരണവുമായി അനുപമയുടെ പിതാവും പേരൂർക്കട സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ എസ്. ജയചന്ദ്രൻ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ജയചന്ദ്രൻ നൽകുന്ന വിശദീകരണം. തന്റെ കുടുംബത്തെ വലിയൊരു അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചത്. കുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ സമ്മതത്തോടെയാണെന്നും അദ്ദേഹം വിശദമാക്കി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നൽകിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നൽകിയാണ് മകളെ വളർത്തിയത്. ഡിഗ്രി അവസാന വർഷ വേളയിലാണ് മകൾ അജിത്തുമായി പ്രണയത്തിലാകുന്നത്. ഏതു വെല്ലുവിളികളെയും നേരിടാൻ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളർത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച് അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവൾ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കരുതലും സ്നേഹവുമുള്ള ഒരച്ഛൻ മകൾ പ്രണയിക്കുന്ന ആളുടെ പശ്ചാത്തല വിവരങ്ങൾ അന്വേഷിക്കും. മകളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ എല്ലാ അച്ഛൻമാരും ആ ബന്ധം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അജിത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതനായിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകർത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാൽ അവൾ അതൊന്നും കേൾക്കാൻ തയ്യറായില്ലെന്നു ജയചന്ദ്രൻ വ്യക്തമാക്കുന്നു.
മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങൾക്ക് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. കാര്യങ്ങളെല്ലാം ഞങ്ങൾ അറിയുമ്പോൾ അനുപമ എട്ടുമാസം ഗർഭിണിയായിരുന്നു. അന്നവളെ പരിചരിക്കാൻ ആരുമുണ്ടായിരുന്നില്ല. ആ സമയത്ത് അജിത്ത് എവിടെയായിരുന്നു. ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കിൽ നിശ്ചയിച്ച് ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലല്ലായിരുന്നു അനുപമ. മുന്നിൽ മറ്റു വഴികളൊന്നുമില്ലാത്തതിനാൽ കുഞ്ഞിനെ ശിശുക്ഷേമ സമിതിൽ ഏൽപ്പിക്കാമെന്ന് പ്രസവത്തിന് മുമ്പേ തന്നെ തങ്ങൾ കൂട്ടായി തീരുമാനിച്ചിരുന്നുവെന്നും വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രസവിച്ച് രണ്ട് ദിവസങ്ങൾക്ക് ശേഷം ഒക്ടോബർ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. അതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. മൂത്ത മകളുടെ വിവാഹവും നടന്നു. 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കിൽ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയതെന്നും അദ്ദേഹം വിശദമാക്കി.
കുട്ടിയെ അനുപമ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിർത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് താൻ ആരോടെങ്കിലും പറഞ്ഞോയെന്ന് അദ്ദേഹം ചോദിച്ചു. കുഞ്ഞിനെ നൽകാനുള്ള അവളുടെ തീരുമാനത്തെ താൻ പിന്തുണച്ചു. ഇപ്പോൾ കുഞ്ഞിനെ തിരികെ വേണമെങ്കിൽ അത് തടയാൻ താൻ ആരാണ്? ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നമാണ്. അതിൽ എനിക്ക് പങ്കില്ലെന്നും വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. താൻ മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. അനുപമ തന്റെ മകളാണ്. എല്ലാത്തിനുപരിയായ തങ്ങൾ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. തന്റെ കഷ്ടപ്പാടുകൾ നിങ്ങൾ അനുഭവിക്കുമ്പോൾ മാത്രമേ മനസിലാകുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

