മുല്ലപ്പെരിയാർ അണക്കെട്ട്; 2006 മുതലുള്ള നിലപാട് വ്യക്തമാക്കി വി എസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാകവെ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് വി എസ് രംഗത്തെത്തിയത്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവും തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പുനഃപ്രസിദ്ധീകരിച്ചു. മുല്ലപ്പെരിയാർ ഡി കമ്മിഷൻ ചെയ്യേണ്ടതിന്റെ ആവശ്യകത എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു വിഎസിന്റെ വാർത്താക്കുറിപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയിൽ നിലനിർത്തേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്റെ കാരണങ്ങളെ കുറിച്ചും അദ്ദേഹം വിശദമാക്കിയിരുന്നു.

ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുർക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയർത്തിയ ഈ മേജർ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീർന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി. തമിഴ്നാട് ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തൽ സംവിധാനങ്ങൾ താൽക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു. ഭൂമികുലുക്കം ഉൾപ്പെടെയുളള അത്യാഹിതങ്ങളാൽ അണക്കെട്ട് തകർന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണെന്നായിരുന്നു വിഎസ് പറഞ്ഞത്.

മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ അതിന്റെ പ്രഹരം താങ്ങാൻ കഴിയാതെ കീഴ് നദീതട പ്രാന്തത്തിൽ നിലനിൽക്കുന്ന മൂന്ന് കൂറ്റൻ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനു പുറമെ പെരിയാർ ടൈഗർ റിസർവിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയിൽ ഞാൻ പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവും പുനഃപ്രസിദ്ധീകരിക്കുന്നു.

തിരുവനന്തപുരം, 27.02.2006. പത്രക്കുറിപ്പ് വി.എസ്. അച്യുതാനന്ദൻ.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയിൽ നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയർത്തണം എന്നും തുടർന്ന് 152 അടയിൽ എത്തിക്കുന്നതിനുവേണ്ട നടപടികൾ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്. ഒരു ഫെഡറൽ സംവിധാനം നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത്, തമിഴ്നാട് സംസ്ഥാനത്തിന്റേത് എന്നതുപോലെ കേരളത്തിന്റെ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ സുപ്രീംകോടതിയ്ക്ക് ബാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് ഈ കേസ് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന് കൈമാറുന്നതിനുളള നടപടികൾ ഉടൻ എടുക്കണെമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ താൽപ്പര്യങ്ങൾ വേണ്ടതുപോലെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു എന്നും ഈ വിധി വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച സസ്പെൻഷനിലായ കൈക്കൂലിക്കും അഴമതിക്കും പേരുകേട്ട ഒരു ചീഫ് എഞ്ചിനീയർ ആയിരുന്നു ഈ സുപ്രധാന വിഷയം കൈകാര്യം ചെയ്തിരുന്നത്. സ്വാഭാവികമായും നിക്ഷിപ്തതാൽപ്പര്യക്കാർക്ക് വഴങ്ങി കേരളത്തിന്റെ ആവശ്യങ്ങൾ, സംസ്ഥാനത്തിനു വേണ്ടി കേസ് വാദിച്ച അഭിഭാഷകരെ യഥാസമയം അറിയിക്കുന്നതിൽ ഇദ്ദേഹം വീഴ്ചവരുത്തിയുണ്ടാകും എന്നുറപ്പാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയിൽ നിലനിർത്തേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്റെ കാരണങ്ങൾ താഴെ പറയുന്നു:

  1. ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുർക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയർത്തിയ ഈ മേജർ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീർന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി.
  2. തമിഴ്നാട് ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തൽ സംവിധാനങ്ങൾ താൽക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു.
  3. ഭൂമികുലുക്കം ഉൾപ്പെടെയുളള അത്യാഹിതങ്ങളാൽ അണക്കെട്ട് തകർന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്.
  4. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ അതിന്റെ പ്രഹരം താങ്ങാൻ കഴിയാതെ കീഴ് നദീതട പ്രാന്തത്തിൽ നിലനിൽക്കുന്ന മൂന്ന് കൂറ്റൻ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും
  5. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാർ ടൈഗർ റിസർവിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.

(നേരിനൊപ്പം) 13..09..2006 മുല്ലപ്പെരിയാർ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റിയും അതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മേൽ തൂങ്ങിക്കിടക്കുന്ന ആപത്തിനെപ്പറ്റിയും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞപ്പോൾ, നിയമസഭക്കകത്തും പുറത്തും ശ്രദ്ധ ക്ഷണിച്ചപ്പോൾ അതിശയോക്തിയായി കണ്ടണ്ടവരുണ്ട്. ഒരണക്കെട്ട്, അതിലെ വെള്ളം – അതിലെന്താണിത്രമാത്രം വേവലാതിപ്പെടാൻ എന്ന് ചിലരെങ്കിലും അതിശയം കൂറി. എന്നാലിപ്പോൾ കേരളീയരെല്ലാം ഏറെ ഉത്ക്കണ്ഠണ്ടപ്പെടുന്ന ഒരു പ്രശ്നമായി, ദൈനംദിനം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമായി മുല്ലപ്പെരിയാർ മാറിയിരിക്കുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞാൻ ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ കാണുകയുണ്ടായി. മുല്ലപ്പെരിയാർ പ്രശ്നത്തിൽ ചർച്ച നടത്തി രമ്യതയിലെത്തേണ്ടതിന്റെ പ്രാധാന്യം ആ അവസരത്തിൽ പറയുകയുണ്ടായി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ തൽക്കാലം സ്റ്റാറ്റസ്‌കോ തുടരാൻ നടപടിയെടുക്കുകയും മുഖ്യമന്ത്രി തല ചർച്ചയ്ക്ക് വഴി തുറക്കുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ഞാൻകഴിഞ്ഞ ദിവസം കരുണാനിധിക്ക് കത്തയച്ചു. പ്രശ്നം വഷളാക്കാൻ, വൈകാരികതയുണ്ടാക്കി സംഘർഷമുണ്ടാക്കാൻ ചിലരുടെ ഭാഗത്തു നിന്നും ഔദ്യോഗികവും അനൗദ്യോഗികവുമായി ചില നീക്കങ്ങളുണ്ടായതിനെ തുടർന്നാണ് കത്തയച്ചത്.

അണക്കെട്ട് സന്ദർശിക്കാൻ കേരളത്തിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും എത്തുമ്പോൾ തടയുന്നതിനുള്ള ശ്രമം, സ്വീപ്പേജ് വാട്ടർ പരിശോധിക്കാൻ നടത്തിയ ശ്രമം തടഞ്ഞത്, ജലനിരപ്പ് 142 അടിയാക്കാനുള്ള നീക്കം, അണക്കെട്ടിന്റെ പരിസരത്ത് തമിഴ്നാട് പോലീസിനെ വിന്യസിക്കുമെന്ന പ്രഖ്യാപനം, അണക്കെട്ടിനടുത്ത് പൂജനടത്തൽ, ജലനിരപ്പുയർത്തണമെന്നാവശ്യപ്പെട്ട് റാലി നടത്താനുള്ള വൈക്കോയുടെയും മറ്റും നീക്കം – ഇങ്ങനെ അപക്വവും ഏകപക്ഷീയവും ധാർഷ്ഠ്യം നിറഞ്ഞതുമായ നടപടികളുണ്ടായപ്പോഴാണ് തികഞ്ഞ സംയമനത്തോടെ കരുണാനിധിക്ക് കത്തയച്ചത്. ആ കത്തിന് കരുണാനിധിയുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി തല ചർച്ച വൈകാതെ നടത്താൻ കഴിയും.

കേരളത്തിന്റെ വെള്ളം എന്തിന് തമിഴ്നാടിന് കൊടുക്കുന്നു, അങ്ങനെ സൗമനസ്യവും ഔദാര്യവുമൊന്നും വേണ്ട എന്ന് തീവ്രവാദപരമായി പറയുന്ന ചിലർ കേരളത്തിലുണ്ട്. തമിഴ്നാട്ടിലെ അധികൃതരിൽ ഒരു വിഭാഗവും അവിടത്തെ ചില സംഘടനകളും അതിവൈകാരികതയോടെ, ധാർഷ്ഠ്യത്തോടെ ഈ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനത്തിന് അതേ നാണയത്തിൽ പ്രതികരിക്കുന്ന സമീപനം. അത് ആശാസ്യമല്ല. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാട്ടിന് നൽകുന്ന കാര്യത്തിൽ വീണ്ടുവിചാരമില്ല. വെള്ളം നൽകുക തന്നെ വേണം. എന്നാൽ ജലനിരപ്പ് 136 അടിയിൽ ഒരിഞ്ച് കൂട്ടാൻ അനുവദിക്കാനാവില്ല; അണക്കെട്ടിന്റെ അപകടാവസ്ഥ പരിഗണിച്ച് പുതിയ അണക്കെട്ടുണ്ടാക്കാൻ തമിഴ്നാട് തയ്യാറാകണം – ഇതാണ് സംസ്ഥാനത്തിന്റെ സുചിന്തിതമായ നയം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നിന്നും 142 അടിയാക്കാമെന്ന് സുപ്രീംകോടതി ഏതാനും ആഴ്ചകൾക്ക് മുമ്പ് വിധിക്കുകയുണ്ടായി. കേരളത്തിന്റെ താല്പര്യം അവഗണിച്ചുകൊണ്ടുള്ള വിധിയാണത്. അതിനാൽ പുനഃപരിഗണന അനിവാര്യമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ കോടതി വിധികളിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് കരുതുന്നില്ല. ആർബിട്രേറ്റർമാരെ നിയമിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ആദ്യത്തെ കരാറിൽത്തന്നെ വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് ആർബിട്രേറ്റർമാരെ നിയമിക്കുക, അവർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അമ്പയറെ നിയമിക്കുക എന്നതാണ് നിബന്ധന. ആർബിട്രേറ്ററേയും അമ്പയറേയും നിയോഗിച്ച് പ്രശ്നത്തിൽ തീർപ്പുണ്ടാക്കിയതിന്റെ അനുഭവം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ മുമ്പുണ്ടായിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ലഭിക്കുന്ന ജലമുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി 1932ൽ തമിഴ്നാട് ശ്രമിച്ചു. അതിനെ തിരുവിതാംകൂർ എതിർത്തതിനെ തുടർന്ന് ആർബിട്രേറ്റർമാരെ നിയമിച്ചു. അവർ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്പയറായി നളിനി രഞ്ചൻ ചാറ്റർജിയെ നിയോഗിച്ചു. ജലസേചനാവശ്യത്തിനു മാത്രമാണ് കരാർ പ്രകാരം തിരുവിതാംകൂർ തമിഴ്നാടിന് വെള്ളം അനുവദിക്കുന്നതെന്നതിനാൽ വൈദ്യുതോല്പാദനത്തിന് അവർക്ക് അധികാരമില്ലെന്ന് അമ്പയർ വിധിച്ചു. എന്നാൽ 1970 ൽ മുല്ലപ്പെരിയാർ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാൻ തമിഴ്‌നാടുമായി കേരളം കരാറുണ്ടാക്കിയെന്നത് വേറെ കര്യം. പറഞ്ഞുവന്നത് മുല്ലപ്പെരിയാർ പ്രശ്നത്തിൽ കോടതി വഴിയല്ല പരിഹാരം കാണേണ്ടതെന്നാണ്. എന്നാൽ നിലവിൽ കേസുകൾ കോടതിയിൽ നടന്നുവരുന്നതിനാൽ സംസ്ഥാന താല്പര്യം സംരക്ഷിക്കാൻ കോടതിയിൽ പരമാവധി ശ്രമം നടത്തും.

മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കുന്നതിന് രാജഭരണകാലത്ത് ഉണ്ടാക്കിയ പാട്ട കരാറിൽത്തന്നെ വളഞ്ഞവഴി പ്രകടമാണ്. തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചുവിടാനായി പെരിയാറിൽ അണകെട്ടുന്നതിന് നിർദ്ദേശമുയർന്നപ്പോൾ 1882 ഒക്ടോബറിൽ ദിവാൻ പേഷ്‌കാറുടെ നേതൃത്വത്തിൽ കമ്മിറ്റിയുണ്ടാക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. 1882 മാർച്ച് 20ന് ആ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത് ഡാം നിർമ്മിക്കുന്നത് തിരുവിതാംകൂറിന്റെ രക്ഷക്ക് ഭീഷണിയാണെന്നാണ്. എന്നാൽ വിശാഖം തിരുനാൾ മഹാരാജാവ് അന്തരിച്ച ശേഷം ഭരണം ഇവിടെ അല്പം ദുർബലമായെന്നു തോന്നിയ ഘട്ടത്തിൽ മദിരാശി ഭരണകൂടം ഒരു തരത്തിൽ കരാർ അടിച്ചേല്പിക്കുകയായിരുന്നു. തൊള്ളായിരിത്തി തൊണ്ണൂറ്റി ഒൻപത് വർഷത്തേക്ക് മുല്ലപ്പെരിയാറിലെ വെള്ളം അണകെട്ടി കൊണ്ടുപോകുന്നതിനുള്ള കരാർ. പ്രതിഫലം നാമമാത്രം. അണകെട്ടുന്നതിന് എണ്ണായിരം ഏക്കർ സ്ഥലമാണ് വിട്ടുകൊടുത്തത്.

1895ൽ വെന്റ്ലോക്ക് പ്രഭു മുല്ലപ്പെരിയാർ അണക്കെട്ട് കമ്മീഷൻ ചെയ്തു. അണകെട്ടാൻ നേതൃത്വം നൽകിയ ചീഫ് എഞ്ചിനീയർ പെന്നി ക്വീക്ക് അപ്പോൾ അവകാശപ്പെട്ടത് അണയുടെ ആയുസ്സ് അമ്പതുകൊല്ലം എന്നാണത്രേ! ചുണ്ണാമ്പും മണലും ഉപയോഗിച്ച് ഉറപ്പിച്ച കല്ലുകൾ. ഇന്നത്തെ നിലക്ക് പഴഞ്ചനായ എഞ്ചിനീയറിംഗ് രീതി. ഇപ്പോൾ നൂറ്റിപ്പതിനൊന്ന് കൊല്ലമായിരിക്കുന്നു. അണക്കെട്ടിന് ബലക്ഷയം സംഭവിച്ചിരിക്കുന്നു. മുല്ലപ്പെരിയാർ മേഖലയിൽ ഒന്നിലേറെ തവണ ഭൂചലനമുണ്ടായി. ഭൂകമ്പസാദ്ധ്യതയുള്ള മേഖലയായി മുല്ലപ്പെരിയാർ മേഖല തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ. . . . .

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിൽ അതിന്റെ ഉത്ഭവകേന്ദ്രമായ ശിവഗിരി മലകളിൽ നിന്നും നാല്പത്തെട്ട് കിലോമീറ്ററോളം താഴ്ചയിൽ, പോഷക നദിയായ മുല്ലയാർ ചേരുന്നിടത്ത് അണകെട്ടിയിട്ട് 111 വർഷമായിരിക്കുന്നു. നൂറ് വർഷത്തിനു മേൽ പഴക്കമുള്ള നാല്പതോളം അണകളാണ് ഇന്ത്യയിലുള്ളത്. പഴയ എഞ്ചിനീയറിംഗ് രീതിയും പഴക്കവും ആ അണകൾക്കെല്ലാം ഭീഷണിയാണ്. എന്നാൽ അതിന് പുറമേ ഭൂകമ്പ ഭീഷണിയും ഭൂമിശാസ്ത്രപരമായ മറ്റ് സാഹചര്യങ്ങളും കൂടി ആശങ്ക വിതക്കുന്നത് മുല്ലപ്പെരിയാറിന്റെ കാര്യത്തിലാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ മൂന്ന് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാവുക. പരോക്ഷമായി അഞ്ചു ജില്ലകളിലെ മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങളേയും ബാധിക്കുന്ന പ്രശ്നം, ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട 24 ചത്രുശ്രമൈൽ വരുന്ന ജലാശയങ്ങൾ, ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകൾ – ആർച്ച് ഡാം, ചെറുതോണി, കുളമാവ് – എന്നിവയാകെ അപകടപ്പെട്ടേക്കാം. അതായത് മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാൽ കേരളത്തിന്റെ തകർച്ചയാണ് സംഭവിക്കുക.

എന്നിട്ടും അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിൽ നിന്നും 142 അടിയാക്കാൻ തമിഴ്നാട് ശ്രമിക്കുന്നു. അതിന് സുപ്രീംകോടതി അനുമതി നൽകുന്നു! മുമ്പ് 142 അടിയും ചില ഘട്ടങ്ങളിൽ അതിലേറെയും ഉണ്ടായിരുന്ന ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തിയത് കേരളമല്ല. സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാൻ ഡോ: കെ.സി.തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ തീരുമാനിച്ചതും അംഗീകരിക്കപ്പെട്ടതുമാണ്. 136 അടിയായി കുറച്ചാൽ മാത്രം പോര, അണക്കെട്ടിന്റെ ബലം കൂടണമെന്നും വാട്ടർ കമ്മീഷൻ നിർദ്ദേശിച്ചു. ഇരുപത്തേഴുകൊല്ലം മുമ്പായിരുന്നു അത്. അതനുസരിച്ച് ചില പ്രവൃത്തികൾ തമിഴ്നാട് ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും മുല്ലപ്പെരിയാർ അണക്കെട്ട് ഇനിയും അഭംഗുരം തുടരണമെന്ന വാദത്തിന് ശക്തി പകരുന്നില്ല. അണക്കെട്ട് അപകടത്തിലാണ്. അതിവേഗം പുതിയ അണക്കെട്ട് നിർമ്മിക്കാവുന്നതാണ്. ആധുനിക എഞ്ചിനീയറിംഗിന്റെ ബലത്തിൽ കരുത്തുറ്റ അണക്കെട്ട്. അതോടെ പഴയ അണക്കെട്ട് പ്രവർത്തനരഹിതമായി പ്രഖ്യാപിക്കപ്പെടണം. അങ്ങനെയാണെങ്കിൽ കേരളത്തിന്റെ ആശങ്ക തീരും. തമിഴ്നാടിന്റെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യും.

തമിഴ്നാട്ടിലെ രണ്ടു ജില്ലകളിലെ ലക്ഷക്കണക്കിന് കൃഷിക്കാരുടെ ആശ്രയമാണ് മുല്ലപ്പെരിയാർ ജലം. പ്രതിവർഷം നൂറുകോടി ക്യുബിക് അടിയോളം വെള്ളമാണ് ഇവിടെ നിന്നും അവർക്ക് കിട്ടുന്നത്. അത് തുടരേണ്ടത് തന്നെയാണ്. എന്നാൽ അതിനുവേണ്ടി കേരളത്തിന്റെ ജീവിതം അപകടാശങ്കയിലാക്കുന്ന സ്ഥിതി വന്നാലോ. . . . . . . . . . തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുവർഷം വെള്ളം കൊടുക്കാനാണ് കരാർ. അന്നുണ്ടാക്കിയ അണക്കെട്ട് 999 വർഷം തുടരാനല്ല. അതുകൊണ്ട് കേരളത്തിന്റെ സൗമനസ്യത്തോട് അതേമട്ടിൽത്തന്നെ തമിഴ്നാടും പ്രതികരിക്കേണ്ടതുണ്ട്.

പൂജ നടത്തി വികാരം സൃഷ്ടിക്കുക, റാലി നടത്തി പ്രകോപനമുണ്ടാക്കുക, ഡാം സുരക്ഷാ അതോറിറ്റി സംഘത്തെപ്പോലും തടയുക, കേരളത്തിന്റെ എതിർപ്പ് വകവെക്കാതെ ജലനിരപ്പ് 142 അടിയാക്കാൻ നടപടി തുടങ്ങുമെന്ന് പ്രഖ്യാപിക്കുക, കേരളത്തിന്റെ സ്ഥലമായ മുല്ലപ്പെരിയാറിൽ തമിഴ്നാട് പോലീസിനെ നിയോഗിക്കുമെന്ന് പറയുക – അതെല്ലാം പ്രകോപനമാണ്. അതിൽ ആരും വീണുപോകരുത്. പ്രശ്നം സൗഹാർദ്ദത്തോടെ തീർക്കേണ്ടതുണ്ട്. തൽക്കാലം ആവശ്യം നിലവിലുള്ള സ്ഥിതി തുടരലാണ്. ബാക്കി കാര്യം ചർച്ചയിലൂടെ പരിഹരിക്കാം.