രണ്ട് വർഷത്തിനുള്ളിൽ ജമ്മുവിലും ശ്രീനഗറിലും മെട്രോ സർവീസ് ആരംഭിക്കും; ജില്ലകളിൽ ഹെലികോപ്റ്റർ സേവനം നൽകുമെന്ന് അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിൽ വരാനിരിക്കുന്ന വികസനപ്രവർത്തനങ്ങളെ കുറിച്ച് വിശദമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജമ്മു നഗരത്തിലും ശ്രീനഗറിലും മെട്രോ സർവീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ ഷാ ഭഗവതി നഗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ കശ്മീരിലെത്തിയത്. 2019 ഓഗസ്റ്റിൽ 370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം ഇതാദ്യമായാണ് അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കാൻ വേണ്ടി എത്തുന്നത്.

ജമ്മുവും കശ്മീരും വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനുശേഷമുള്ള വികസന പ്രവർത്തനങ്ങളെക്കുറിച്ചാണ് അദ്ദേഹം റാലിയിൽ വിശദമാക്കിയത്. ജമ്മു വിമാനത്താവളം വിപുലീകരിക്കും, ജമ്മു കശ്മീരിലെ ഓരോ ജില്ലകളിലേക്കും ഹെലികോപ്റ്റർ സേവനങ്ങൾ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. നിലവിൽ 12,000 കോടിയിലേറെ രൂപ ജമ്മു കശ്മീരിൽ നിക്ഷേപിച്ചു. 2022 ഓടെ 51,000 കോടിയുടെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസനത്തെ തടയാൻ ആർക്കും കഴിയില്ല. കശ്മീരിൽ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത് ക്ഷേത്രങ്ങളുടെ ഭൂമിയാണ്. മാതാ വൈഷ്‌ണോ ദേവിയുടെ, പ്രേം നാഥ് ധോഗ്രയുടെ, ത്യാഗിയായ ശ്യാമ പ്രസാദ് മുഖർജിയുടെ ഭൂമിയാണ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ ജയിപ്പിക്കില്ല. 370-ാം വകുപ്പ് റദ്ദാക്കായതോടെ വാത്മീകി വിഭാഗക്കാരോടും വടക്കൻ പാകിസ്താനിൽ നിന്നുള്ള അഭയാർഥികളോടുമുള്ള വിവേചനം ഇല്ലാതെയായി. മിനിമം വേതനം ജമ്മു കശ്മീരിൽ നടപ്പിലാക്കാനും സാധിച്ചു. ജമ്മു കശ്മീരിലെ യുവാക്കളും വികസനത്തോടൊപ്പം ചേരുകയാണെങ്കിൽ ഭീകരർ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.