സംസ്ഥാനത്ത് റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി വർക്കിങ് കലണ്ടർ; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി വർക്കിങ് കലണ്ടർ തയ്യാറാക്കും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. പൊതുമരാമത്ത് കരാറുകാരുടെ സംഘടനകളുമായി നടത്തിയ യോഗത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥയനുസരിച്ച് പണി ആരംഭിക്കുന്ന തരത്തിൽ അനുമതി നൽകുന്ന കാര്യങ്ങൾ ഏകീകരിക്കുന്ന രീതിയിലായിരിക്കും കലണ്ടർ തയ്യാറാക്കുക.

ഉദ്യോഗസ്ഥർക്കൊപ്പം കരാറുകാർക്കും പരിശീലനം നൽകുന്നതിന് കെഎച്ച്ആർഐയിൽ സംവിധാനം ഏർപ്പെടുത്തും. റോഡുകളിലെ അറ്റകുറ്റപ്പണി കൃത്യമായി നടത്തുന്നതിന് റണ്ണിംഗ് കോൺട്രാക്റ്റ് സംവിധാനം നടപ്പാക്കും. ഓരോ റോഡിനും അറ്റകുറ്റപ്പണി നിശ്ചിത കാലയളവിലേക്ക് നിയമപരമായി ഓരോ കരാറുകാരെ ഏൽപ്പിക്കുമെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഈ സംവിധാനം നടപ്പാക്കുമ്പോൾ എല്ലാ കരാറുകാരുടേയും പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് മാസത്തിലൊരിക്കൽ കരാറുകാരുടെ സംഘടനകളുടെ യോഗം വിളിക്കുമെന്നും കരാറുകാരുടെ പ്രശ്‌നങ്ങൾ ഈ യോഗങ്ങളിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊതുമരാമത്ത് വകുപ്പിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് കരാറുകാരുടെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പിന്തുണ നൽകുകയും ചെയ്തു.