General (Page 1,356)

ബെയ്ജിങ്: അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി പുതിയ നിയമം ചൈന ആവിഷ്‌ക്കരിച്ചു. ഇന്ത്യയുമായി അതിർത്തിയിൽ തുടരുന്ന സംഘർഷം, താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാർഥികളുടെ വരവ്, തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുള്ള കോവിഡ് വ്യാപനം തുടങ്ങിയ സാഹചര്യം കണക്കിലെടുത്താണ് ചൈനയുടെ നീക്കം.

ജനുവരി ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ അതിർത്തി സുരക്ഷ കൈകാര്യം ചെയ്യുന്നതിനെ നിയമം ബാധിക്കില്ലെന്നാണ് വിവരം. കമ്യൂണിസ്റ്റ് ഭരണം നിലവിൽവന്നതിനു ശേഷം ആദ്യമായാണ് ചൈന അതിർത്തി എങ്ങനെയാണ് ഭരിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു നിയമം ഉണ്ടാക്കുന്നത്. ഉത്തര കൊറിയയും റഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങളുമായി ഏതാണ്ട് 22,000 കിലോമീറ്റർ (14,000 മൈൽ) അതിർത്തിയാണ് ചൈന പങ്കിടുന്നത്. പ്രാദേശിക പരമാധികാരവും അതിർത്തി സുരക്ഷയും പരിപാലിക്കുന്നതിനായി രാജ്യം ഫലപ്രദമായ നടപടികൾ സ്വീകരിക്കമെന്ന് നിയമത്തിൽ വിശദമാക്കുന്നു.

ആക്രമണം, നുഴഞ്ഞുകയറ്റം, പ്രകോപനം തുടങ്ങിയവയിൽ നിന്നും ചൈനീസ് സൈന്യവും (പീപ്പിൾസ് ലിബറേഷൻ ആർമി) പൊലീസും (പീപ്പിൾസ് ആംഡ് പൊലീസ് ഫോഴ്‌സ്) രാജ്യത്തെ സംരക്ഷിക്കുമെന്നും നിയമം വ്യക്തമാക്കുന്നു. അതിർത്തി സുരക്ഷയെ ബാധിക്കുന്ന തരത്തിൽ യുദ്ധമോ സൈനിക സംഘർഷമോ ഉണ്ടായാൽ അതിർത്തി അടച്ചിടാമെന്ന കാര്യവും നിയമത്തിൽ സൂചിപ്പിക്കുന്നുണ്ട്.

കൊച്ചി: പൊലീസിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. രാജാക്കന്മാരാണ് എന്ന തോന്നൽ പൊലീസുകാർക്ക് ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിന്താഗതിയിൽ നിന്നും മാറേണ്ട സാഹചര്യം അതിക്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

പോലീസിൽ മാറ്റമുണ്ടാകേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. മാറ്റത്തിലൂടെ മാത്രമാണ് പോലീസ് സേനയുടെ നിലനിൽപ്പ്. ഇല്ലെങ്കിൽ ഒരു കാരണവശാലും ഈ ഫോഴ്‌സിന് മുന്നോട്ടുപോകാൻ കഴിയില്ല. തെറ്റു ചെയ്താൽ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാൾക്ക് ബുദ്ധിമുട്ട് വരുത്തില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്‌സുകൾ ശരിയാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഓരോ പൗരനുമാണ്. ചില പൊലീസ് സ്റ്റേഷൻ മാത്രം ജനമൈത്രി സ്റ്റേഷൻ ആകുന്നത് തെറ്റാണ്. എല്ലാ പൊലീസ് സ്റ്റേഷനും ജനമൈത്രി ആകണം. എല്ലാ പൊലീസ് സ്റ്റേഷനും സാധാരണ ഓഫീസ് പോലെയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പൊലീസുകാർക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് അവരുടെ മനോവീര്യം തകർക്കുമെന്ന നിലപാട് തെറ്റാണെന്നും അദ്ദേഹം വിമർശിച്ചു. തെറ്റു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: അനുപമയുടെ കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് യാതൊരു വീഴ്ച്ചയും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് പുലർച്ചെ 12.45 നും രാത്രി 9 നും രണ്ടു കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ലഭിക്കുകയായിരുന്നു. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അത് അനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചതെന്നും വീണാ ജോർജ് വിശദമാക്കി. അനുപമയുടെ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

അമ്മയുടെ അനുമതി ഇല്ലാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ആവശ്യം. വടകര എംഎൽഎ കെകെ രമയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്.

ഹൈദരാബാദ്: ഇന്ത്യയുടെ വാക്സിൻ കുതിപ്പിന് താങ്ങായി പ്രധാനമന്ത്രി മോദി സജീവമായി ഇടപെട്ട ക്വാഡ് കൂട്ടായ്മ. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ ബയോളജിക്കൽ ഇ എന്ന നിർമ്മാണക്കമ്പനിയുടെ കോവിഡ് വാക്സിൻ ഉൽപാദനശേഷി വർധിപ്പിക്കാൻ സ്ഥാപിച്ച പുതിയ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തിങ്കളാഴ്ച്ചയാണ് പുതിയ നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. 2021 മാർച്ചിൽ നടന്ന ക്വാഡ് സമ്മേളന കൂട്ടായ്മയിൽ പ്രധാനമന്ത്രി മോദി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് നിർമ്മാണ പ്ലാന്റിന് യുഎസ് സഹായം നൽകിയത്. അഞ്ച് കോടി ഡോളർ ധനസഹായമാണ് ഇതിനായി അനുവദിച്ചത്. യുഎസ്, ഇന്ത്യ, ജപ്പാൻ, ആസ്ത്രേല്യ എന്നീ നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.

വികസനത്തിന് ധനസഹായം നൽകുന്ന യുഎസ് സർക്കാരിന്റെ അന്താരാഷ്ട ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (ഡിഎഫ്സി) ആണ് ഇന്ത്യയിലെ ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന വാക്സിൻ നിർമ്മാണക്കമ്പനിക്ക് ധനസഹായം നൽകിയത്. കമ്പനിയുടെ പുതിയ ഉത്പാദന സംവിധാനത്തിന്റെ ഉദ്ഘാടനം ഡിഎഫ്സി സിഒഒ ഡേവിഡ് മാർചിക്കും ബയോളജിക്കൽ ഇ എംഡി മഹിമ ഡാറ്റ്ലയും ചേർന്നാണ് നിർവ്വഹിച്ചത്.

ഡിഎഫ്സിയുടെ പങ്കാളിത്തം മൂലം ബയോളജിക്കൽ ഇയുടെ വാക്സിൻ ഉൽപാദനം 2022 ൽ 100 കോടിയായി ഉയരുമെന്ന് ഡിഎഫ്സിയുടെ സിഒഒ ഡേവിഡ് മർചിക് വ്യക്തമാക്കി. കോവിഡ് മഹാമാരി 2022 ഓടെ തുടച്ചുനീക്കുക എന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം നേടാൻ രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തതിന് സാധിക്കുമെന്നതിന് തെളിവാണ് ഇന്നത്തെ ഈ പങ്കാളിത്തമെന്നും ഡേവിഡ് മർചിക് അറിയിച്ചു.

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്നുമുതൽ അപേക്ഷ നൽകാം. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ചൊവ്വാഴ്ച്ച രാവിലെ പത്തുമണി മുതലാണ് അപേക്ഷ സ്വീകരിക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിവരെ പുതുക്കൽ, പുതിയ അപേക്ഷാഫോറം എന്നിവ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. വേക്കൻസിയും മറ്റു വിശദാംശങ്ങളും www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ click for higher secondary admission എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർത്ഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതുകൊണ്ട് അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം ലഭ്യമാണ്. അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ഹെൽപ്‌ഡെസ്‌കുകളിലൂടെ ദൂരീകരിക്കാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ ഒരുക്കേണ്ടതാണെന്ന നിർദ്ദേശവും പൊതുവിദ്യാഭ്യാസ ഡയറക്ടർ മുന്നോട്ടു വെച്ചു.

തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിലെ ചോദ്യോത്തരവേളയിൽ മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി മുറികൾ പൊതുജനങ്ങൾക്കും ബുക്ക് ചെയ്യാനാകുന്ന തരത്തിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം നവംബർ ഒന്നിന് നിലവിൽ വരും. റസ്റ്റ് ഹൗസിൽ ഒരു മുറി വേണമെങ്കിൽ ഇനി സാധാരണക്കാരന് പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ഉദ്യോഗസ്ഥർക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓൺലൈൻ സംവിധാനം തയ്യാറാക്കുക. റസ്റ്റ് ഹൗസ് കൂടുതൽ ജനസൗഹൃദമാക്കി പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യം.സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷൻ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികൾ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെടിഡിസി മാനേജിംഗ് ഡയറക്ടറെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പു വരുത്തും. ദീർഘ ദൂര യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ടോയ്‌ലറ്റ് ഉൾപ്പെടെയുളള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉൾപ്പെടെയുള്ള സംവിധാനം ഏർപ്പെടുത്തി ജനകീയമാക്കും. സിസിടിവി സംവിധാനം ഏർപ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ബുധനാഴ്ച രണ്ടു വനിതകൾകൂടി ചുമതലയേറ്റതോടെ കേരള ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ആറായി ഉയർന്നിരിക്കുകയാണ്. വനിതാ ജഡ്ജിമാരുടെ എണ്ണത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളം മുൻപന്തിയിലാണ്. എന്നാൽ കേരളത്തിലെ ജനസംഖ്യയും ഉന്നത വിദ്യാഭ്യാസ നിലവാരവും കണക്കിലെടുക്കുമ്പോൾ ഇക്കാര്യത്തിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നാണ് വ്യക്തമാകുന്നത്.

ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് സി.എസ്. സുധ എന്നിവരാണ് വനിതാ ജഡ്ജിമാരായി ചുമതലയേറ്റത്. ജസ്റ്റിസ് സി. ജയചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരാണു ഹൈക്കോടതിയിൽ പുതുതായി ചുമതലയേറ്റ മറ്റു പുതിയ ജഡ്ജിമാർ. സ്റ്റിസ് അനു ശിവരാമൻ, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് വി. ഷെർസി, ജസ്റ്റിസ് എം.ആർ. അനിത തുടങ്ങിയവരാണ് ഹൈക്കോടതിയിലെ മറ്റ് വനിതാ ജഡ്ജിമാർ.

മൂന്നു പതിറ്റാണ്ടുകാലത്തെ സേവനത്തിനുശേഷം ഹൈക്കോടതിയിലെ ആദ്യ വനിതാ റജിസ്ട്രാർ ജനറൽ ആകാൻ തനിക്കു ക്ഷണം ലഭിച്ചെന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി. ചരിത്രം സൃഷ്ടിച്ച ധീരമായ തീരുമാനത്തിന് സോഫി തോമസ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം വനിതാ പ്രാതിനിധ്യത്തിലെ കുറവിനെക്കുറിച്ച് അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ് പ്രസംഗത്തിൽ വ്യക്തമാക്കി. വനിതാ ജഡ്ജിമാരുടെ എണ്ണം ആറായെങ്കിലും സംസ്ഥാനത്തെ സ്ത്രീകളുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ വേണ്ട അനുപാതം അതിൽ പ്രതിഫലിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ജോലികളിൽ ഉൾപ്പെടെ കേരളത്തിൽ സ്ത്രീകളുടെ കാര്യമായ പങ്കാളിത്തം ഉണ്ടെങ്കിലും അഭിഭാഷകരുടെ ഇടയിൽനിന്ന് ഒരാൾ മാത്രമാണ് നിലവിലെ ആറു വനിതാ ജഡ്ജിമാരിൽ ഉൾപ്പെടുന്നത് എന്നതു ചിന്തിക്കേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ സ്ത്രീകൾക്കുള്ള അവകാശത്തെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞ വസ്തുതകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോട്ടയം: മീനച്ചിലാറ്റിൽ വെള്ളം മാലിന്യം നിറഞ്ഞതാണെന്ന റിപ്പോർട്ടിൽ അധികൃതർക്ക് നോട്ടീസ് നൽകി മനുഷ്യാവകാശ കമ്മീഷൻ. പാല, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ഉപയോഗയോഗ്യമല്ലെന്ന് പഠനത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് മലിനീകരണം കണ്ടെത്തിയത്.

തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറി, ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർ, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയൺമെന്റൽ എഞ്ചിനീയർ എന്നിവർക്കാണ് അദ്ദേഹം നിർദ്ദേശം പുറപ്പെടുവിച്ചത്. നിർദ്ദേശം നൽകിയത്. നവംബർ 25 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ജില്ലയിലെ അമ്പതിലധികം കുടിവെള്ള പദ്ധതികളുടെ സ്രോതസ്സായ മീനച്ചിലാറിലെ വെള്ളത്തിൽ ഉയർന്ന അളവിൽ മനുഷ്യവിസർജ്യ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന് മുമ്പും ശേഷവും നടത്തിയ താരതമ്യപഠനത്തിലാണ് ഈ കണ്ടെത്തലിനെ കുറിച്ച് വിശദമാക്കുന്നത്. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാമ്പിളുകളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മീനച്ചലാറിന്റെ കരയിൽ വ്യവസായ സ്ഥാപനങ്ങൾ കുറവായതിനാൽ ജനവാസകേന്ദ്രങ്ങളിൽ നിന്നാണ് മാലിന്യങ്ങൾ എത്തുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനനികുതി അടയ്‌ക്കേണ്ട കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് കാലാവധി നീട്ടിയത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

ഒക്ടോബറിലാരംഭിക്കുന്ന മൂന്നാം ക്വാർട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോൾ നീട്ടി നൽകിയത്. നവംബറിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് സെപ്റ്റംബർ 30 വരെയുള്ള നികുതി പൂർണമായും ഒഴിവാക്കിയിരുന്നു. ഒന്ന് മുതൽ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബർ ഒന്ന് മുതൽ ആരംഭിക്കുക. ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതൽ ആരംഭിക്കും.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാൻ വിദ്യാലയങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്തുന്നതിനായി ഉണർവ്വ് പദ്ധതി നടപ്പിലാക്കുന്നു. എക്സൈസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ലഹരിവർജനമിഷനായ വിമുക്തിയാണ് ഉണർവ്വ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളിലെ അനഭിലഷണീയ പ്രവണതകൾ തിരുത്തി അവരുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും മറ്റു കലാ കായിക പ്രവർത്തനങ്ങളിലേക്കും തിരിച്ചു വിടുന്നതിനാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകളിൽ ഉണർവ്വ് പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ ഗവർണറിന്റെ നയപ്രഖ്യാപനത്തിൽ അറിയിച്ചിരുന്നു.

തിരഞ്ഞെടുക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷകർത്താക്കൾ, എക്സൈസ് ഉദ്യോഗസ്ഥർ, പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, പരിസരവാസികൾ, പ്രദേശത്തെ വ്യാപാരി വ്യവസായി സമൂഹം എന്നിവരെ ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കും ഉണർവ്വിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർത്ഥികളെ പിൻതിരിപ്പിക്കുക, അവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുന്നതിന് നടപടികൾ സ്വീകരിക്കുക, കർമ്മശേഷിയെ ക്രിയാത്മക മേഖലകളിൽ വിനിയോഗിക്കുന്നതിന് പരിശീലനം നൽകുക, വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികളെ ലഹരിയുടെ പ്രചോദനങ്ങളിൽ നിന്നും വഴിതിരിച്ച് കായിക-കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓരോ ജില്ലയിൽ നിന്നും നാല് സ്‌കൂളുകളെയാണ് തെരഞ്ഞെടുക്കുക. ഈ സ്‌കൂളുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി അവിടെയുള്ള പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിക്കുകയും ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം തീർക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് കർമ്മപദ്ധതി തയ്യാറാക്കുകയും ചെയ്യും. പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകാൻ എക്സൈസ് കമ്മീഷണറേറ്റിൽ ഉന്നതതല സമിതി രൂപീകരിക്കും. സ്‌കൂളുകളിൽ രൂപീകരിക്കുന്ന ഉണർവ്വ് കമ്മിറ്റികൾ തയ്യാറാക്കിയ കർമ്മപദ്ധതി എക്സൈസ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ ഇതര സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ലഹരി ഉപയോഗ സാധ്യതകൾ സംശയിക്കുന്ന കുട്ടികൾക്ക് വിമുക്തി മിഷൻ സെന്ററുകളിൽ കൗൺസലിങ്/ചികിത്സ നൽകും. വിദ്യാർത്ഥികളുടെ കലാ-കായിക കഴിവുകളെ വികസിപ്പിക്കുന്നതിന് സ്‌കൂളുകളിൽ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്ക് അനുസരിച്ച് കലാ-കായിക പരിശീലന സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുന്നതിന് ‘ഉണർവ്വ്’ പദ്ധതിക്ക് കായിക പരിശീലനത്തിനത്തിന് കളിക്കളങ്ങൾ പോലെ മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും സ്‌പോർട്‌സ് ഉപകരണങ്ങളും പരിശീലന സൗകര്യങ്ങളും ആവശ്യമാണ്. സർക്കാർ ധനസഹായത്തോടെയും സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾ, കമ്പനികൾ എന്നിവയുടെ സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും വിദ്യാലയങ്ങളിലെ അടിസ്ഥാന പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. വിവിധ സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ തിരഞ്ഞെടുത്ത സർക്കാർ സ്‌കൂളുകളിലും എയിഡഡ് സ്‌കൂളുകളിലും പദ്ധതി പ്രാവർത്തികമാക്കും.