തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ട വിഷയത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചെറിയാൻ ഫിലിപ്പ് പാർട്ടി വിടാൻ ഇടയായതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റു പറ്റിയത് തനിക്കാണ്. കോൺഗ്രസ് നേതൃത്വം ചെറിയാൻ ഫിലിപ്പിന് സീറ്റ് ഉറപ്പാക്കാൻ ശ്രമിക്കേണ്ടതായിരുന്നുവെന്നും ഈ തെറ്റ് ആത്മപരിശോധനയ്ക്കുള്ള അവസരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. അവുക്കാദർകുട്ടിനഹ പുരസ്‌കാരം ചെറിയാൻ ഫിലിപ്പിന് സമ്മാനിച്ചശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 20 വർഷത്തിന് ശേഷം സമാന ചിന്താഗതിക്കാർ ഒരു വേദിയിലെത്തുന്നു എന്ന ആമുഖത്തോടെയാണ് ഉമ്മൻ ചാണ്ടി യോഗത്തിൽ പ്രസംഗം ആരംഭിച്ചത്.
അതേസമയം ഉമ്മൻ ചാണ്ടി തന്റെ രക്ഷാകർത്താവാണെന്നും ആ രക്ഷാകർതൃത്വം ഇനിയും വേണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ എന്ന പഴഞ്ചൊല്ല് തന്റെ കാര്യത്തിൽ യാഥാർഥ്യമായെന്നും അദ്ദേഹം വിശദമാക്കി. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ഭാഗത്ത് നിന്നും ഇത്തരമൊരു പരാമർശം ഉണ്ടായത്.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ ശ്രദ്ധിക്കാതെ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 2018, 19 വർഷങ്ങളിലെ പ്രളയത്തിന് പിന്നാലെ നെതർലൻഡ് മാതൃക അവിടെപോയി പഠിച്ചിട്ടും തുടർ നടപടിയെക്കുറിച്ച് ഇപ്പോഴും ആർക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

