തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് വീണാ ജോർജ് മെഡിക്കൽ കോളേജിലെത്തിയത്. രാത്രി പത്തരയോടെ മെഡിക്കൽ കോളേജിലെത്തിയ വീണാ ജോർജ് അത്യാഹിത വിഭാഗത്തിലാണ് ആദ്യം സന്ദർശനം നടത്തിയത്. അത്യാഹിത വിഭാഗത്തിലുള്ള രോഗികളോടും അവരോടൊപ്പം എത്തിയ കൂട്ടിരിപ്പുകാരോടും മന്ത്രി സംസാരിച്ചു.
ഒബ്‌സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവയും മന്ത്രി സന്ദർശിച്ചു. ആരോഗ്യ പ്രവർത്തകരുമായും മന്ത്രി സംസാരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം നേരിട്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു മന്ത്രിയുടെ സന്ദർശന ലക്ഷ്യം. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചിലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. മിന്നൽ സന്ദർശനത്തിന്റെ വീഡിയോ സഹിതം ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ മുന്നറിയിപ്പുകൾ നൽകാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദർശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്‌സർവേഷൻ റൂമുകൾ , വാർഡുകൾ എന്നിവ സന്ദർശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കൽ കോളേജിൽ ചെലവഴിച്ചു.

