കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടൽ അനിവാര്യം; മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികൾക്കെതിരായ അക്രമം സംബന്ധിച്ച കേസുകളിൽ വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവർക്കു പരിശീലനം നൽകാനുള്ള തീരുമാനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതിയുടെ സഹായത്തോടെയായിരിക്കും ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗികാതിക്രമങ്ങൾക്കു വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്തരം കേസുകളിൽ പരമാവധി ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കും. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടൽ അനിവാര്യമാണ്. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ ഇക്കാര്യത്തിൽ നടത്തിവരുന്നുണ്ട്. വനിതാ ശിശുക്ഷേമ വകുപ്പ്, പൊലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, കില, വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവയുടെ കീഴിൽ ഏകോപനത്തോടെ പരിപാടികൾ നടപ്പാക്കും. ഈ വകുപ്പുകൾ ചേർന്ന് സമഗ്രമായ ജൻഡർ സെൻസിറ്റൈസേഷൻ ക്യാമ്പയിൻ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കൂട്ടായ പരിശ്രമങ്ങളിലൂടെ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുന്നതിന് ക്രൈം മാപ്പിംഗ് നടത്തണം. ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൂൾ ഉപയോഗിച്ച് വിവരശേഖരണം നടത്തുകയും തദ്ദേശ സ്വയംഭരണ തലത്തിൽ ക്രോഡീകരിച്ച് പരിഹാര മാർഗങ്ങൾ ആരായുകയും ചെയ്യണം. ഇരയാക്കപ്പെടുന്നവരുടെ വിവരങ്ങൾ ഒരു കാരണവശാലും പുറത്തുപോകാതെ സ്വകാര്യമായി സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തകളിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ടവരെ തിരിച്ചറിയാൻ സഹായകരമായ സൂചനകൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.