ലഹരി മരുന്ന് കേസിൽ ആര്യൻ ഖാൻ ജയിൽ മോചിതനായി; കൂട്ട് പ്രതികൾ ഇപ്പോഴും ജയിലിൽ തുടരുന്നു

മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി അറസ്റ്റ് ചെയ്ത നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽമോചിതനായെങ്കിലും ജാമ്യം കിട്ടിയ കൂട്ട് പ്രതികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കേസിൽ അറസ്റ്റിലായ അർബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഇതുവരെ ജയിൽമോചിതരായില്ല. ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകൾ തയ്യാറാക്കുന്നതിലെ കാലതാമസമാണ് അർബാസിന് ജയിൽ മോചിതനാകാൻ തടസം സൃഷ്ടിക്കുന്നത്.

അർബ്ബാസിന്റെ ജാമ്യ ഉത്തരവ് ഇതുവരെ ആർതർ റോഡ് ജയിലിൽ എത്തിയിട്ടില്ല. അതേസമയം ജാമ്യം നിൽക്കാൻ ഉള്ള ആളെ കണ്ടെത്താൻ കഴിയാതിരുന്നതാണ് മധ്യപ്രദേശ് സ്വദേശിനിയായ ധമേച്ചയ്ക്ക് ജയിൽ മോചിതനാകാൻ കഴിയാത്തതിന്റെ കാരണം. ഇക്കാര്യത്തിൽ ഇളവ് തേടി അഭിഭാഷകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൻസിബി ആവശ്യത്തെ എതിർത്തു. ഇനിയുള്ള ദിനങ്ങളിൽ കോടതി അവധിയായതിനാൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാനാണ് ജഡ്ജി നൽകിയിരിക്കുന്ന നിർദ്ദേശം.

ഇന്ന് രാവിലെയോടെയാണ് ആര്യൻ ഖാൻ ജയിൽ മോചിതനായത്. 22 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻ പുറത്തിറങ്ങിയത്. കേസിൽ ജാമ്യം ലഭിച്ച ആര്യൻ ഖാന് വെള്ളിയാഴ്ച്ച ജയിൽ മോചിതനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നടപടിക്രമങ്ങൾ വൈകിയതോടെ ജയിൽ മോചനം ശനിയാഴ്ച്ചത്തേക്ക് നീണ്ടുപോകുകയായിരുന്നു. ഉപാധികളോടെയാണ് ആര്യന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ മൂന്നിനാണ് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്.