General (Page 1,349)

ചെന്നൈ: നടൻ രജനീകാന്തിനെ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. രജനീകാന്ത് ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി രജനീകാന്തിനെ സന്ദർശിച്ചത്. ആരോഗ്യമന്ത്രിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പത്ത് മിനിട്ട് നേരത്തോളം അദ്ദേഹം രജനീകാന്തിനൊപ്പം ചെലവഴിച്ചു.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡോക്ടർമാരോട് മുഖ്യമന്ത്രി രജനീകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിഞ്ഞു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉടൻ തന്നെ താരം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുമെന്നാണ് വിവരം. ഒക്ടോബർ 28 നാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാധാരണഗതിയിൽ നടത്താറുള്ള പതിവ് പരിശോധനകളുടെ ഭാഗമായാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പേടിക്കാനൊന്നുമില്ലെന്നും ഭാര്യ ലത അറിയിച്ചിരുന്നു. രജനികാന്തിന്റെ ആരോഗ്യനില മോശമായെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

അണ്ണാത്തെ ആണ് രജനീകാന്ത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. ദീപാവലിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്. നയൻതാര, കീർത്തി സുരേഷ്, ഖുഷ്ബൂ, പ്രകാശ് രാജ്, മീന, സൂരി, ജഗപതി ബാബു, അഭിമന്യു സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി ചൈന. അരുണാചൽ പ്രദേശ് അതിർത്തിയിൽ ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായാണ് റിപ്പോർട്ട്. അതിർത്തി മേഖലയായ അസാഫിലയിലാണ് ചൈന നിർമ്മാണ പ്രവർത്തികളും പട്രോളിങ്ങും വർധിപ്പിച്ചത്. ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിലെ നിരീക്ഷണം ഇന്ത്യൻ സേന ശക്തിപ്പെടുത്തിയുണ്ട്. മേഖലയിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും കരസേന അറിയിച്ചിട്ടുണ്ട്.

3500-ഓളം കിലോമീറ്റർ വരുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ കൂടുതൽ മേഖലകളിൽ തർക്കം ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരാഖണ്ഡിലെ ബരാഹോട്ടിൽ ചൈനീസ് സൈന്യം എത്തിയിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് ചൈനീസ് സൈന്യം മേഖലയിലെത്തിയതെന്നാണ് വിവരം. ഇതിനിടെയാണ് അരുണാചൽ പ്രദേശിലെ അതിർത്തി മേഖലയിൽ ചൈന സൈനിക വിന്യാസം കൂട്ടിയത്. ഒപ്പം പ്രദേശത്തെ നിർമ്മാണ പ്രവർത്തികളും ശക്തിപ്പടുത്തിയിട്ടുണ്ട്. മേഖലയിലെ റോഡ് നിർമ്മാണമടക്കമാണ് ചൈന ത്വരിതപ്പെടുത്തുന്നത്.

ആർഎഎൽപി മേഖലയായി പരിഗണിക്കുന്ന അരുണാചൽ പ്രദേശിലെ മേഖലയിൽ ടണലുകൾ നിർമ്മിക്കുന്നുവെന്നും സൈനികർക്കായുള്ള താമസസ്ഥലം അടക്കം നിർമ്മിക്കതായും റിപ്പോർട്ടുണ്ട്. എന്നാൽ സാഹചര്യം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്ന് ലഫ്.ജനറൽ മനോജ് പാണ്ഡേ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യയനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്‌സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്. പുതിയ കേസുകളുടേയും ചികിത്സയിൽ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രധാന നിർദ്ദേശങ്ങൾ വിദ്യാലയങ്ങളിലേയ്ക്കും അവിടെ നിന്നും രക്ഷിതാക്കളിലേയ്ക്കും കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

സ്‌കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികൾക്കിടയിൽ സാമൂഹിക അകലം പരമാവധി പാലിക്കപ്പെടുന്നതിനും ക്ലാസ് റൂമുകളിലേയും പരിസരങ്ങളിലേയും ശുചിത്വം ഉറപ്പു വരുത്തുന്നതിനും അവശ്യമായ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾ നടപ്പാക്കും. ഓരോ വിദ്യാലയവും ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവർത്തിച്ചുകൊണ്ട് സുരക്ഷാവലയം തീർക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളും. ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തി ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്നും നമ്മുടെ നാട് ഉണരുകയാണ്. കൂടുതൽ കരുതലോടെയും അതിലേറെ ആവേശത്തോടെയും നാടിന്റെ പുരോഗതിയ്ക്കായി നമുക്കൊരുമിച്ചു നിൽക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടു വയ്പാണ്. അതേറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി സമൂഹമൊന്നാകെ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് എടിഎം കാർഡ് വലുപ്പത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ സ്മാർട്ട് റേഷൻ കാർഡിന്റെ സംസ്ഥാന തല വിതരണ ഉദ്ഘാടനം നിർവഹിക്കും.

പുസ്തക രൂപത്തിലുള്ള റേഷൻ കാർഡിന് പകരം എടിഎം കാർഡ് പോലെ കീശയിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ് സ്മാർട്ട് റേഷൻ കാർഡിന്റെ പ്രധാന നേട്ടം. സർക്കാർ കാർഡുമായി ബന്ധിപ്പിച്ച് ഏർപ്പെടുത്തുന്ന മറ്റ് സേവനങ്ങൾക്കും സ്മാർട്ട് കാർഡ് ഉപയോഗിക്കാം.

പുസ്തക രൂപത്തിലുള്ളവയ്ക്കു പകരം അപേക്ഷകന് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ-റേഷൻ കാർഡുകൾക്ക് നേരത്തേ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇത് പരിഷ്‌കരിച്ചാണ് സ്മാർട്ട് റേഷൻ കാർഡാക്കിയത്. ക്യൂആർ കോഡും ബാർ കോഡും അടങ്ങിയ കാർഡിന്റെ ഒരു വശത്ത് ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങളാണ് ഉള്ളത്. കാർഡിന്റെ മറുവശത്ത് പ്രതിമാസ വരുമാനം, റേഷൻകട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് കണക്ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും കാർഡിൽ ഉണ്ടായിരിക്കും.

kodiyeri

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൊല്ലമായി ബിനീഷിനെ കണ്ടിരുന്നില്ല. ജയിലിൽ പോയി കാണാൻ സാധിച്ചിരുന്നില്ലെന്നും ഒരു കൊല്ലത്തിന് ശേഷം കാണാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ എത്തുന്നത് സംബന്ധിച്ച വിഷയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമോ എന്നതൊന്നും ധൃതി പിടിച്ച് തീരുമാനം എടുക്കേണ്ട കാര്യമല്ല. പാർട്ടി തീരുമാനിക്കേണ്ട കാര്യങ്ങളാണ് അതെല്ലാമെന്ന് കോടിയേരി വിശദമാക്കി.

ബിനീഷിനെചിരെയുള്ള കേസ് കോടതിയിൽ നിൽക്കുന്നതിനാൽ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുന്നില്ല. എൻഫോഴ്സ്മെന്റുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളൊക്കെ ശരിവക്കുന്ന കാര്യങ്ങളാണ് പിന്നീട് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങളും അതാണ് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അൽപ്പം താഴ്ന്നിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. സ്പിൽവേ ഷട്ടറുകൾ തുറന്ന് മൂന്നാം ദിവസവും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവിൽ എത്തിയില്ല. നിലവിൽ 138.80 അടിയാണ് ജലനിരപ്പ്. റൂൾകർവ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ അവസ്ഥയിൽ എത്തില്ലെന്നും സ്ഥിതിഗതികൾ മേൽനോട്ടസമിതിയേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്നാട് ഇതിനോടകം വർധിപ്പിക്കേണ്ടതായിരുന്നുവെങ്കിലും അതുണ്ടായില്ല. ഇന്നലെ നാല് മണി മുതൽ 1299 ഘനഅടി ജലം കൂടി സ്പിൽവേ ഷട്ടറുകൾ വഴി ഒഴുക്കി വിടുന്നുണ്ട്. ഇത് 7000 വരെ എത്തിയാലും ആശങ്കപ്പെടേണ്ടതില്ല. 7000 ത്തിലേക്ക് എത്തിയാൽ പോലും സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിമന്ത്രി പി പ്രസാദും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മൂന്ന് ഷട്ടറുകൾ കൂടി തുറന്ന സാഹചര്യത്തിൽ വള്ളക്കടവ് മുതലുള്ള ജലനിരപ്പ് നിരീക്ഷിച്ചുവരികയാണ്. മുല്ലപ്പെരിയാറിൽ മുന്നറിയിപ്പ് നൽകാൻ ഇനിയും ഒരടി കൂടി ബാക്കിയുണ്ട്. അത് അപകടകരമായ നിലയിലേക്ക് എത്തിയതായി കണക്കാക്കണമെങ്കിൽ രണ്ടടി കൂടി ഉയരണം. കാലാവസ്ഥയും മെച്ചപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ ജലം കൊണ്ടുപോകുന്നതിനെകുറിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും മന്ത്രി വെളിപ്പെടുത്തി. ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതിന് വേണ്ട നടപടികളൊന്നും തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഓരോ പോയിന്റിലുമുള്ള കാര്യങ്ങൾ സുപ്രീം കോടതിയെ കൃത്യമായി അറിയിക്കുന്നുണ്ട്. ഇന്ന് രാത്രി 12 മണിക്ക് മുൻപായി 138 അടിയിലേക്ക് എത്തുകയെന്നത് ഇനി ഉണ്ടാകില്ലെന്നും അത് സുപ്രീം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സർക്കാർ വിഷയത്തെ കൂടുതൽ ഗൗരവമായി കാണുന്നുവെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നമായതിനാലാണ് മന്ത്രിമാർ തന്നെ നേരിട്ട് നേതൃത്വം നൽകണമെന്ന് മന്ത്രിസഭ തീരുമാനിച്ചതെന്നും കൃഷി മന്ത്രി പി. പ്രസാദ് കൂട്ടിച്ചേർത്തു.

sivan

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ധൈര്യമായി സ്‌കൂളിൽ എത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകൾ ഒഴികെ എല്ലാ സ്‌കൂളുകളും നാളെ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

രക്ഷകർത്താക്കൾക്ക് ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല. ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം. വാക്‌സിന് സ്വീകരിക്കാത്ത അധ്യാപകരും സ്‌കൂളിൽ എത്തേണ്ടതില്ല. അവർ ഓൺലൈനായി വിദ്യാഭ്യാസം നൽകണമെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിൽ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നൽകും. 24300 തെർമ്മൽ സ്‌ക്യാനർ വിതരണം ചെയ്തിട്ടുണ്ട്. 2282 അധ്യാപകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടിയായ ഡി എം കെയുടെ ഇടുക്കി ജില്ലാ ഘടകം രംഗത്ത്. ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്നാണ് ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം അറിയിച്ചിരിക്കുന്നത്.

കൂടിക്കാഴ്ചക്ക് അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ഡി എം കെയുടെ ഇടുക്കി ഘടകം ഇത് ആദ്യമായാണ് മുല്ലപ്പെരിയാർ വിഷയത്തിൽ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങൾക്കും ദോഷകരമല്ലാത്ത തീരുമാനം എടുക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ഡി എം കെ ഇടുക്കി ജില്ലാ സെക്രട്ടറി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന നിലപാടാണ് തങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്ന് ജില്ലാ നേതൃത്വം വിശദമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി നിർദ്ദേശം കണക്കിലെടുക്കുമെന്ന പ്രതീക്ഷയും ജില്ലാ നേതൃത്വം പങ്കുവെച്ചു. അതേസമയം തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ എ ഐ ഡി എം കെയുടെ ഇടുക്കി ഘടകം ഇതുവരെയായും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് ബോംബിന്റെ പരീക്ഷണം വിജയകരം. വെള്ളിയാഴ്ച വ്യോമ പ്ലാറ്റ്ഫോമിൽ നിന്നാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആർ.ഡി.ഒ) ഇന്ത്യൻ വ്യോമസേനയും (ഐ.എ.എഫ്) ലോംഗ് റേഞ്ച് ബോംബ് വിജയകരമായി പരീക്ഷിച്ചത്.

ഐ.എ.എഫ് യുദ്ധവിമാനങ്ങളിൽ നിന്നാണ് ബോംബ് വിക്ഷേപിച്ചത്. നിശ്ചിത പരിധിക്കുള്ളിൽ കൃത്യതയോടെ ദീർഘദൂരത്തിൽ കര അധിഷ്ഠിത ലക്ഷ്യത്തിൽ ബോംബ് പതിച്ചതായി ഡി.ആർ.ഡി.ഒ വ്യക്തമാക്കി. എല്ലാ ദൗത്യ ലക്ഷ്യങ്ങളും വിജയകരമായി പൂർത്തീകരിച്ചതായും അധികൃതർ വിശദമാക്കി. ലോംഗ് റേഞ്ച് ബോംബ് സായുധ സേനയുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് പ്രതിരോധ മന്ച്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡി.ആർ.ഡി.ഒയ്ക്കും ഐ.എ.എഫിനും മറ്റ് സംഘാംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ചിട്ടുള്ള ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം (ഇ.ഒ.ടി.എസ്), ടെലിമെട്രി, റഡാർ എന്നിവയുൾപ്പെടെ നിരവധി റേഞ്ച് സെൻസറുകൾ ബോംബിന്റെ പറക്കലും പ്രകടനവും നിരീക്ഷിച്ചിരുന്നു.

ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇന്ത്യയിലേക്കെത്തുന്നത്. പ്രധാനമന്ത്രിയുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയമാണ് സ്ഥരീകരിച്ചത്. അധികം വൈകാതെ തന്നെ പോപ്പ് ഇന്ത്യ സന്ദർശിക്കാനെത്തുമെന്നാണ് വിവരം.

നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണ് തനിക്കുള്ള ക്ഷണമെന്ന് മാർപാപ്പ പറഞ്ഞതായി വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഖള വാർത്താ സമ്മേളത്തിൽ പറഞ്ഞു. ഇന്ത്യാ സന്ദർശനത്തെ വളരെ താത്പര്യത്തോടെ മാർപ്പാപ്പ ഉറ്റുനോക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശനിയാഴ്ച്ച ഫ്രാൻസിസ് മാർപാപ്പ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹത്തെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഒരു മണിക്കൂറിലേറെ നേരമാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നുവെന്നും നിരവധി വിഷയങ്ങൾ മാർപാപ്പയുമായി സംസാരിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ത്. രണ്ട് കോവിഡ് തരംഗങ്ങളെ രാജ്യം അതിജീവിച്ചത് എങ്ങനെയാണെന്ന് മോദി മാർപാപ്പയെ അറിയിച്ചു. കോവിഡ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ പോപ്പ് ഫ്രാൻസിസ് അനുശോചനം അറിയിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാരിദ്ര്യ നിർമാർജനത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി വത്തിക്കാനിൽ നിന്നും മടങ്ങുകയും ചെയ്തു.