തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യയനം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചിരുന്നെങ്കിലും കൂട്ടുകാരുമായി ഒത്തുചേർന്ന് പഠിക്കുന്നതിനും കളിക്കുന്നതിനുമൊക്കെ കുട്ടികൾക്ക് സാധിക്കാതെ പോയത് വിഷമകരമായ കാര്യമായിരുന്നു. മാത്രമല്ല, വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളികളുമുണ്ടായിരുന്നു. നാളെ മുതൽ ആ സ്ഥിതി മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
18 വയസ്സിനു മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്സിനേഷൻ നൽകിയതോടെ സാമൂഹിക നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സംസ്ഥാനം പ്രാപ്തമായിട്ടുണ്ട്. പുതിയ കേസുകളുടേയും ചികിത്സയിൽ ഉള്ള രോഗികളുടേയും എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മികച്ച ജാഗ്രത പുലർത്തിക്കൊണ്ട് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക എന്നത് അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ ഒരുപോലെ അനിവാര്യമാണ്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി മറ്റു വകുപ്പുകളുടെ സഹകരണത്തോടെ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കേണ്ടതുണ്ട്. പ്രധാന നിർദ്ദേശങ്ങൾ വിദ്യാലയങ്ങളിലേയ്ക്കും അവിടെ നിന്നും രക്ഷിതാക്കളിലേയ്ക്കും കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി.
സ്കൂളുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും കുട്ടികൾക്കിടയിൽ സാമൂഹിക അകലം പരമാവധി പാലിക്കപ്പെടുന്നതിനും ക്ലാസ് റൂമുകളിലേയും പരിസരങ്ങളിലേയും ശുചിത്വം ഉറപ്പു വരുത്തുന്നതിനും അവശ്യമായ നിർദ്ദേശങ്ങൾ വിദ്യാലയങ്ങൾ നടപ്പാക്കും. ഓരോ വിദ്യാലയവും ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവർത്തിച്ചുകൊണ്ട് സുരക്ഷാവലയം തീർക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളും. ഈ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും തിരുത്തി ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങളും സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു.
കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്നും നമ്മുടെ നാട് ഉണരുകയാണ്. കൂടുതൽ കരുതലോടെയും അതിലേറെ ആവേശത്തോടെയും നാടിന്റെ പുരോഗതിയ്ക്കായി നമുക്കൊരുമിച്ചു നിൽക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടു വയ്പാണ്. അതേറ്റവും മികച്ച രീതിയിൽ നടപ്പാക്കുന്നതിനായി സമൂഹമൊന്നാകെ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

