ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് ബോംബിന്റെ പരീക്ഷണം വിജയകരം. വെള്ളിയാഴ്ച വ്യോമ പ്ലാറ്റ്ഫോമിൽ നിന്നാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആർ.ഡി.ഒ) ഇന്ത്യൻ വ്യോമസേനയും (ഐ.എ.എഫ്) ലോംഗ് റേഞ്ച് ബോംബ് വിജയകരമായി പരീക്ഷിച്ചത്.
ഐ.എ.എഫ് യുദ്ധവിമാനങ്ങളിൽ നിന്നാണ് ബോംബ് വിക്ഷേപിച്ചത്. നിശ്ചിത പരിധിക്കുള്ളിൽ കൃത്യതയോടെ ദീർഘദൂരത്തിൽ കര അധിഷ്ഠിത ലക്ഷ്യത്തിൽ ബോംബ് പതിച്ചതായി ഡി.ആർ.ഡി.ഒ വ്യക്തമാക്കി. എല്ലാ ദൗത്യ ലക്ഷ്യങ്ങളും വിജയകരമായി പൂർത്തീകരിച്ചതായും അധികൃതർ വിശദമാക്കി. ലോംഗ് റേഞ്ച് ബോംബ് സായുധ സേനയുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് പ്രതിരോധ മന്ച്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡി.ആർ.ഡി.ഒയ്ക്കും ഐ.എ.എഫിനും മറ്റ് സംഘാംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഒഡീഷയിലെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ചിട്ടുള്ള ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം (ഇ.ഒ.ടി.എസ്), ടെലിമെട്രി, റഡാർ എന്നിവയുൾപ്പെടെ നിരവധി റേഞ്ച് സെൻസറുകൾ ബോംബിന്റെ പറക്കലും പ്രകടനവും നിരീക്ഷിച്ചിരുന്നു.

