ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പാർട്ടിയായ ഡി എം കെയുടെ ഇടുക്കി ജില്ലാ ഘടകം രംഗത്ത്. ആവശ്യം തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്നാണ് ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം അറിയിച്ചിരിക്കുന്നത്.
കൂടിക്കാഴ്ചക്ക് അദ്ദേഹം സമയം അനുവദിച്ചിട്ടുണ്ടെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ഡി എം കെയുടെ ഇടുക്കി ഘടകം ഇത് ആദ്യമായാണ് മുല്ലപ്പെരിയാർ വിഷയത്തിൽ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. മുല്ലപ്പെരിയാർ വിഷയത്തിൽ ഇരു സംസ്ഥാനങ്ങൾക്കും ദോഷകരമല്ലാത്ത തീരുമാനം എടുക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് ഡി എം കെ ഇടുക്കി ജില്ലാ സെക്രട്ടറി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന നിലപാടാണ് തങ്ങൾ മുന്നോട്ടു വയ്ക്കുന്നതെന്ന് ജില്ലാ നേതൃത്വം വിശദമാക്കി. തമിഴ്‌നാട് മുഖ്യമന്ത്രി നിർദ്ദേശം കണക്കിലെടുക്കുമെന്ന പ്രതീക്ഷയും ജില്ലാ നേതൃത്വം പങ്കുവെച്ചു. അതേസമയം തമിഴ്‌നാട്ടിലെ പ്രതിപക്ഷമായ എ ഐ ഡി എം കെയുടെ ഇടുക്കി ഘടകം ഇതുവരെയായും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

