തിരുവനന്തപുരം: സംസ്ഥാനത്ത് എടിഎം കാർഡ് വലുപ്പത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകൾ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ സ്മാർട്ട് റേഷൻ കാർഡിന്റെ സംസ്ഥാന തല വിതരണ ഉദ്ഘാടനം നിർവഹിക്കും.
പുസ്തക രൂപത്തിലുള്ള റേഷൻ കാർഡിന് പകരം എടിഎം കാർഡ് പോലെ കീശയിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ് സ്മാർട്ട് റേഷൻ കാർഡിന്റെ പ്രധാന നേട്ടം. സർക്കാർ കാർഡുമായി ബന്ധിപ്പിച്ച് ഏർപ്പെടുത്തുന്ന മറ്റ് സേവനങ്ങൾക്കും സ്മാർട്ട് കാർഡ് ഉപയോഗിക്കാം.
പുസ്തക രൂപത്തിലുള്ളവയ്ക്കു പകരം അപേക്ഷകന് സ്വയം പ്രിന്റെടുത്ത് ഉപയോഗിക്കാവുന്ന ഇ-റേഷൻ കാർഡുകൾക്ക് നേരത്തേ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇത് പരിഷ്‌കരിച്ചാണ് സ്മാർട്ട് റേഷൻ കാർഡാക്കിയത്. ക്യൂആർ കോഡും ബാർ കോഡും അടങ്ങിയ കാർഡിന്റെ ഒരു വശത്ത് ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങളാണ് ഉള്ളത്. കാർഡിന്റെ മറുവശത്ത് പ്രതിമാസ വരുമാനം, റേഷൻകട നമ്പർ, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് കണക്ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും കാർഡിൽ ഉണ്ടായിരിക്കും.

