കൊച്ചി: കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനത്തില്‍ മദ്യപിച്ച് അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ശേഷം പ്രതികരണവുമായി നടന്‍ ജോജു ജോര്‍ജ്. രാഷ്ട്രീയം നോക്കിയല്ല കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും ജോജു വ്യക്തമാക്കി.
റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവര്‍ക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവര്‍ക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയണ്ടെയെന്നും ജോജു ചോദിച്ചു. പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്. സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. പ്രതിഷേധിച്ചതിന്റെ പേരില്‍ ഉടന്‍ വന്ന പ്രതികരണം സ്ത്രീകളോട് മോശമായി പെരുമാറി എന്നതാണ്. മദ്യപിച്ചിട്ടില്ലെന്നും ഇപ്പോള്‍ തെളിയിക്കേണ്ടി വന്നു.
അവിടെ കൂടിയവര്‍ക്ക് എതിരേ മാത്രമാണ് പ്രതികരിച്ചത്. ഇത് ഒരുതരത്തിലും കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റെടുക്കേണ്ടതില്ല. ഇത് രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇതിന്റെ പേരില്‍ ഇനിയൊരു ചര്‍ച്ചക്ക് താല്‍പര്യമില്ല. എനിക്കിതൊരു ഷോ അല്ല, ജോജു പറഞ്ഞു.

