കൊച്ചി: മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസിനെതിരായ അഴിമതി കേസ് റദ്ദാക്കി. ഹൈക്കോടതിയാണ് ജേക്കബ് തോമസിനെതിരെയുള്ള കേസ് റദ്ദാക്കിയത്. ഡ്രെഡ്ജർ അഴിമതിക്കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. സത്യം ജയിക്കുമെന്നതിന്റെ തെളിവാണ് കോടതി വിധിയെന്ന് ജേക്കബ് തോമസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നൂറ് ശതമാനവും കളവായ കേസായിരുന്നുവെന്നും ചില ഉദ്യോഗസ്ഥരാണ് കേസിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയക്കാർക്കൊന്നും കേസിൽ പങ്കില്ല. അഴിമതിക്കെതിരായ നിലപാടെടുത്താൽ ഈ സമൂഹത്തിൽ നിലനിൽപ്പുണ്ട് എന്ന സന്ദേശമാണ് ഈ വിധി തരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഴിമതിക്കെതിരേ നിലപാട് എടുത്ത എല്ലാവർക്കും വേണ്ടിയാണ് താൻ പോരാടിയത്. കേരളത്തിലെ അഴിമതിക്കെതിരെ പോരാടിയതിനാണ് ഞാൻ ഒരു വർഷം സസ്പെൻഷനിലായത്. ഇപ്പോഴും പെൻഷൻ പോലും നിഷേധിക്കുകയാണെന്നും അതെല്ലാം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വിശദമാക്കി.
തനിക്ക് സംഭവിച്ചതിന് സമാനമായ കാര്യമാണ് ബോംബെയിൽ എൻസിബി ഉദ്യോഗസ്ഥനായ സമീർ വാംഖഡെയ്ക്ക് എതിരെ നടക്കുന്നത്. സത്യസന്ധമായി ഒരു കേസ് അന്വേഷിച്ചു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്. കുംടുംബത്തെയൊക്കെ വിചാരണ ചെയ്ത് അദ്ദേഹത്തെ മുൾമുനയിൽ നിർത്തുകയാണെന്നും ജേക്കബ് തോമസ് കുറ്റപ്പെടുത്തി.

