ലക്ഷദ്വീപിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി കേന്ദ്രമന്ത്രി; മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തു

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ. മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച്ച ഉച്ചയോടെ അദ്ദേഹം അഗത്തി വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങി. അഗത്തി ദ്വീപിൽ വിദ്യാർത്ഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും കൂട്ടായ്മയിൽ സംഘടിപ്പിച്ച പ്രചാരണ സൈക്കിൾ റാലി അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടികളോടൊപ്പം അദ്ദേഹവും സൈക്കിളിൽ സഞ്ചരിച്ച് റാലിയിൽ പങ്കാളിയാകുകയും ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ ലക്ഷദ്വീപിലെ പ്രത്യേക പരമ്പരാഗത മത്സ്യസംസ്‌കരണ രീതി പിന്തുടരുന്ന ചൂര മത്സ്യത്തിന്റെ സംസ്‌കരണ മേഖലാ പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചു. ലക്ഷദ്വീപിൽ പുരോഗമിക്കുന്ന ദേശീയ ഏകതാ ദിനാഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. മത്സ്യ സംസ്‌കരണ മേഖലയിലും വിപണന മേഖലയിലും നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മത്സ്യ തൊഴിലാളികളുമായും ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ലക്ഷദ്വീപിന്റെ മത്സ്യസംസ്‌ക്കരണ മേഖലയിൽ നൂതന ആശയങ്ങളും ശാസ്ത്രീയ ആശയങ്ങളും കൈവരിക്കണമെന്നും അതിനു വേണ്ട പ്രക്രിയകൾ ഉടൻ ആരംഭിക്കണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് കേന്ദ്രമന്ത്രി നിർദ്ദേശം നൽകി. മത്സ്യത്തൊഴിലാളികളോടൊപ്പമിരുന്ന് അദ്ദേഹം ഭക്ഷണവും കഴിച്ചു.

അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവ് അൻപരസു, ഫിഷറീസ് സെക്രട്ടറിമാരായ കെ. ടി. ദാമോദർ, ഒ.പി. മിശ്ര ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർ എന്നിവരോടൊപ്പമാണ് മന്ത്രി ലക്ഷദ്വീപ് സന്ദർശനം നടത്തിയത്. അഗത്തി ദ്വീപിന്റെ കവാടമായ ജെട്ടി പ്രദേശത്തു അദ്ദേഹം വൃക്ഷതൈകൾ നട്ടു. ദ്വീപിലെ സ്പെഷ്യൽറ്റി ആശുപത്രയിലെ രോഗികളുമായും അദ്ദേഹം സംവദിച്ചു.